പേരറിവാളൻ | Photo : ANI
"ഞാനിപ്പോള്‍ പുറത്തിറങ്ങിയിട്ടേയുള്ളൂ, മുപ്പത്തിയൊന്ന് കൊല്ലം നീണ്ട നിയമപോരാട്ടമായിരുന്നു. ഇനി കുറച്ച് ശുദ്ധവായു ശ്വസിക്കണം, അതിന് ശേഷം ഭാവിപദ്ധതികളെ കുറിച്ച് ആലോചിക്കാം...".മോചനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ് പുറത്തിറങ്ങി മണിക്കൂറുകള്‍ക്ക് ശേഷം പേരറിവാളന്റെ പ്രതികരണമിങ്ങനെ. ''കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. സഹതാപത്തിന്റെ പേരിലല്ല, സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസുമാരുള്‍പ്പെടെ നിരവധി ജഡ്ജിമാരുടെ അഭിപ്രായമാണത്. എല്ലാവരും മനുഷ്യരാണ്''. പേരറിവാളന് കൂട്ടിച്ചേര്‍ത്തു. മകന്റെ മോചനത്തിനായി പോരാടിയ അമ്മ അര്‍പ്പുതമ്മാളും മറ്റ് ബന്ധുക്കളും പേരറിവാളന്റെ ഒപ്പമുണ്ടായിരുന്നു.
പേരറിവാളന്റെ മോചനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടതോടെ പേരറിവാളന്റെ ജോലാര്‍പേട്ടയിലെ വീട്ടിലേക്ക് ബന്ധുക്കളെത്തി. പേരറിവാളനും അമ്മയും പരസ്പരം മധുരം നല്കി ആനന്ദം പങ്കിട്ടു. വിവരമറിഞ്ഞെത്തിയ പേരറിവാളന്റെ സഹോദരി ആനന്ദക്കണ്ണീരണിഞ്ഞാണ് സഹോദരന്റെ മോചനം ആഘോഷിച്ചത്. അച്ഛന് കുയില്‍ദാസനും ഏറെ സന്തുഷ്ടനായിരുന്നു. 'പരിചയവുമില്ലാത്ത നിരവധി പേര് ഞങ്ങള്‍ക്കൊപ്പം നിന്നു, എന്റെ മകന്റെ മോചനത്തിന് വേണ്ടി വാദിച്ചു. അവരോടെല്ലാം ഏറെ കടപ്പാടുണ്ട്'. അര്‍പ്പുതമ്മാള്‍ പ്രതികരിച്ചു. ജയില്‍മോചിതനായതില്‍ സന്തോഷം പ്രകടിപ്പിക്കുന്ന വിധത്തില്‍ പുരാതന തമിഴ് വാദ്യോപകരണമായ പറൈ(തപ്പ്)യില്‍ പേരറിവാളന് തന്റെ വിരലുകളാല്‍ താളം പിടിച്ചു.

1991 മേയ് 21 നാണ് അന്ന് പത്തൊമ്പതുകാരനായ പേരറിവാളന്റെ ജീവിതത്തിലെ 31 കൊല്ലങ്ങള്‍ കവര്‍ന്നെടുത്ത രാജീവ്ഗാന്ധി വധമുണ്ടായത്. ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന രാജീവ് ഗാന്ധി വധത്തില്‍ എ.ജി. പേരറിവാളനും പ്രതി ചേര്‍ക്കപ്പെട്ടു. സ്ഫോടനത്തിനായി ഉപയോഗിച്ച ഒമ്പത് വോള്‍ട്ടിന്റെ ബാറ്ററി കൈമാറിയത് പേരറിവാളനാണെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു അയാള്‍ പ്രതി ചേര്‍ക്കപ്പെട്ടത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പേരറിവാളന്റെ അറസ്റ്റ്. സ്ഫോടനത്തിന്റെ മുഖ്യആസൂത്രകനായ ശിവരശന് ബെല്‍റ്റ് ബോംബ് നിര്‍മിക്കാനുള്ള ബാറ്ററി നല്‍കിയത് പേരറിവാളനായിരുന്നു.
കേസില്‍ പേരറിവാളന് ഉള്‍പ്പെടെ 26 പ്രതികള്‍ക്ക് വധശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് പേരറിവാളന് നല്കിയ ദയാഹര്‍ജിയില്‍ തീരുമാനമുണ്ടായത് 2011 ലാണ്. ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കോടതി വരുത്തിയ കാലതാമസം പരിഗണിച്ച് സുപ്രീം കോടതി പേരറിവാളന്റേയും മറ്റ് രണ്ടുപ്രതികളുടേയും ശിക്ഷ ഇളവുചെയ്ത് ജീവപര്യന്തമാക്കി. 14 വര്‍ഷത്തെ നല്ലനടപ്പ് പരിഗണിച്ച് ജീവപര്യന്ത തടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് 2014 ല്‍ പേരറിവാളന് അടക്കം ഏഴ് പേരെ മോചിപ്പിക്കാന്‍ ജയലളിത സര്‍ക്കാര്‍ ഉത്തരവിട്ടു. പക്ഷെ സുപ്രീം കോടതി തീരുമാനം തടഞ്ഞു. തുടര്‍ന്ന് പേരറിവാളന് ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു.

2017 ല്‍ അന്വേഷണ ഉദ്യോഗസ്ഥനായ ത്യാഗരാജന്റെ നിര്‍ണായക വെളിപ്പെടുത്തലാണ് പേരറിവാളന്റെ മോചനത്തിന് വഴിയൊരുക്കിയത്. എന്താവശ്യത്തിനാണ് വാങ്ങുന്നതെന്നറിയാതെയാണ് ബാറ്ററികള്‍ വാങ്ങിയതെന്ന പേരറിവാളന്റെ മൊഴി രേഖകളില്‍ നിന്ന് മനഃപൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്ന ത്യാഗരാജന് വെളിപ്പെടുത്തല്‍ പേരറിവാളന് അനുകൂലമായ വികാരം ഉളവാക്കാന്‍ ഇടയാക്കി. ചെയ്യാത്ത കുറ്റത്തിന് ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടി വന്ന പേരറിവാളനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമായി. പല ഘട്ടങ്ങളിലായി കേസിലെ ഏഴ് പ്രതികളുടെ മോചനം തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ആവശ്യം മന്ത്രിസഭയുടെ തീരുമാനമായി ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു. ഇതിനിടെ ഗഗവര്ണര് മാറി. പുതിയ ഗവര്‍ണറോട് സര്‍ക്കാര്‍ ശുപാര്‍ശ ആവര്‍ത്തിച്ചുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പേരറിവാളന് പേരറിവാളന് സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദം ഉപയോഗിച്ച് കോടതി പേരറിവാളന്റെ മോചനത്തിന് ഉത്തരവിട്ടു.
ഒരു കൊടുംകുറ്റകൃത്യത്തില്‍ അറിയാതെ പങ്കാളിയായി, തന്റെ യൗവ്വനകാലം മുഴുവന്‍ തടവറയില്‍ കഴിയേണ്ടി വന്ന ഒരു മനുഷ്യന്റെ മാനസികാവസ്ഥയെ കുറിച്ച് എല്ലാ സൗകര്യവും സന്തോഷവും അനുഭവിക്കുന്നവര്‍ക്ക് മനസിലാക്കാനാവുമോ? കണ്മുന്നില് പഠിച്ചു വളരേണ്ട, ജോലി നേടി, വിവാഹിതനായി തങ്ങള്‍ക്ക് സന്തോഷം പകരേണ്ട മകന് വധശിക്ഷ ലഭിക്കുകയും പിന്നീട് ജീവപര്യന്തം തടവില്‍ കിടക്കാന്‍ വിധിക്കപ്പെടുകയും ചെയ്യുമ്പോള്‍ അയാളുടെ അമ്മയും അച്ഛനും അനുഭവിക്കുന്ന മാനസികവ്യഥയുടെ ആഴത്തെ കുറിച്ച് ചിന്തിച്ചറിയാനാവുമോ? ഇല്ല എന്നാണതിനുത്തരം. മുപ്പതിലധികം കൊല്ലം ഓരോ ദിവസവും തന്റെ നിരപരാധിത്വം തെളിയുമെന്ന നേരിയ പ്രതീക്ഷയോടെ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ച് നിയമപോരാട്ടം നടത്തിയ പേരറിവാളന് ഇനിയുള്ള ജീവിതം സുഖകരമായിത്തീരട്ടെയെന്ന് ആശംസിക്കാം. തടവറയിലും പഠനത്തില്‍ മികവ് പുലര്‍ത്തി നേടിയ എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള ബിരുദങ്ങള്‍ പേരറിവാളന് നല്ല ദിനങ്ങള്‍ നല്കട്ടെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..