എ.ജി. പേരറിവാളൻ (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന പേരറിവാളന് മോചനം. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ വിട്ടയക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. 31 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് വിട്ടയക്കാനുള്ള തീരുമാനം.
പേരറിവാളനെ വിട്ടയക്കണമെന്ന ശുപാര്‍ശ 2018-ല്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ നീട്ടിക്കൊണ്ട് പോയ ഗവര്‍ണര്‍ പിന്നീടിത് രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പേരറിവാളന് സുപ്രീം കോടതിയെ സമീപിച്ചു. ഇതിലാണ് വിധിയുണ്ടായിരിക്കുന്നത്.
രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബെല്‍റ്റ് ബോംബ് നിര്‍മിക്കാന്‍ ബാറ്ററി വാങ്ങി നല്കി എന്നതായിരുന്നു പേരറിവാളനെതിരായ കുറ്റം. എന്നാല്‍ ബാറ്ററി വാങ്ങി നല്‍കിയത് എന്തിന് വേണ്ടിയാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തി. ഇതിനുപിന്നാലെ പേരറിവാളന്റെ മോചനത്തിനായി തമിഴ്നാട്ടിലാകമാനം മുറവിളി ഉയരുകയും ചെയ്തു.
1998-ല്‍ പേരറിവാളന് അടക്കം 26 പേര്‍ക്ക് വധശിക്ഷയാണ് വിചാരണക്കോടതി വിധിച്ചത്. 1999-ല്‍ സുപ്രീംകോടതി 19 പ്രതികളെ വെറുതെ വിട്ടു. പേരറിവാളനും മറ്റു മൂന്നുപേര്‍ക്ക് വധശിക്ഷയും മൂന്നുപേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. വധശിക്ഷ ഇളവുചെയ്യുന്നതിന് നല്കിയ ദയാഹര്‍ജിയില്‍ തീരുമാനമറിയാന്‍ 2011 -വരെ കാത്തിരിക്കേണ്ടിവന്നു. ദയാഹര്‍ജി രാഷ്ട്രപതി തള്ളി. മറ്റൊരു പ്രതിയായ നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.
ദയാഹര്‍ജി പരിഗണിക്കുന്നതില്‍ വരുത്തിയ കാലതാമസം പരിഗണിച്ച് 2014-ല്‍ സുപ്രീം കോടതി പേരറിവാളന്റെയും മറ്റു രണ്ടുപേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. ഇതോടെ ജീവപര്യന്തതടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് 2014-ല്‍ അന്നത്തെ ജയലളിത സര്‍ക്കാര്‍ പേരറിവാളന് അടക്കം ഏഴുപേരെയും മോചിപ്പിക്കാന്‍ ഉത്തരവിട്ടു.
സുപ്രീംകോടതി ഇത് തടഞ്ഞു. പിന്നീട് പേരറിവാളന് ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. ദയാഹര്‍ജി പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന്റെ പിന്‍ബലത്തില്‍ 2018-ല്‍ ഏഴുതടവുകാരെയും മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശചെയ്തു. ശുപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ രണ്ടരവര്‍ഷത്തോളം വൈകിയ ഗവര്‍ണര്‍ അവസാനം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..