ചെന്നൈ: മക്കള്‍ നീതി മെയ്യം പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ ഹാസന് സൂപ്പര്‍ സ്റ്റാര്‍ രജനി കാന്തുമായി കൂടിക്കാഴ്ച നടത്തി. അര മണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ച തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഞായറാഴ്ച കമല്‍ ഹാസന്റെ പാര്‍ട്ടി ഒരു വലിയ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഈ ചടങ്ങില്‍ പ്രഖ്യാപിക്കും. രജനി കാന്തിന്റെ പിന്തുണ തേടുമെന്നും കമല്‍ ഹാസന് നേരത്തെ പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇന്ന് അദ്ദേഹം രജനി കാന്തിനെ സന്ദര്‍ശിച്ചിരിക്കുന്നത്.
ഏറെനാള്‍ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയ രജനി കാന്ത് അപ്രതീക്ഷിതമായി കഴിഞ്ഞ ഡിസംബറില്‍ താന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താരം പാര്‍ട്ടി രൂപീകരിക്കുന്നില്ലെന്ന് മാത്രമാണ് പറഞ്ഞത് രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും രജനികാന്ത് രൂപം കൊടുത്ത ആരാധ കൂട്ടായ്മയുടെ നേതാവ് തമിളരുവി മണിയന് അടുത്തിടെ പറയുകയുണ്ടായി.
കമല്‍ ഹാസന്റെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നതിന് ഓണ്‍ലൈനായിട്ടാണ് അപേക്ഷ സ്വീകരിക്കുന്നത്. ഞായറാഴ്ച മുതല്‍ അപേക്ഷ നല്കി തുടങ്ങാം. അപേക്ഷ ഫീസായി 25000 രൂപ നല്‍കണം. പാര്‍ട്ടി അംഗങ്ങളല്ലാത്തവര്‍ക്കും അപേക്ഷിക്കാം.
ബാറ്ററി ടോര്‍ച്ചാണ് മക്കള്‍ നീതി മെയ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചിട്ടുള്ള ചിഹ്നം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതേ ചിഹ്നമായിരുന്നു പാര്‍ട്ടിയുടേത്. അരങ്ങേറ്റ തിരഞ്ഞെടുപ്പില്‍ 3.77 ശതമാനം വോട്ടാണ് കമല്‍ഹാസന്റെ പാര്‍ട്ടി പിടിച്ചത്.