ചെന്നൈ: പെരിയാറിനെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് നടന്‍ രജനീകാന്ത്. പെരിയാറിനെ അപമാനിച്ചതില്‍ രജനീകാന്ത് മാപ്പ് പറയണമെന്നാവശ്യപ്പെട്ട്‌ വിവിധ സംഘടനകള്‍ തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് രജനീകാന്ത് വ്യക്തമാക്കിയത്. 

പെരിയാര്‍ വിഷയത്തില്‍ തെറ്റായ ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്നും നടന്ന കാര്യങ്ങള്‍ മാത്രമാണ് പ്രസംഗത്തില്‍ വ്യക്തമാക്കിയതെന്നും രജനീകാന്ത് പറഞ്ഞു. അക്കാലത്ത് മാസികയില്‍ വന്ന കുറിപ്പുകള്‍ അടിസ്ഥാനമാക്കിയാണ് താന്‍ പ്രതികരിച്ചത്. അതിനാല്‍ ഇക്കാര്യത്തില്‍ മാപ്പ് പറയാന്‍ ഒരുക്കമല്ലെന്നും രജനീകാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. 

നേരത്തെ ചെന്നൈയില്‍ നടന്ന തുഗ്ലക്ക് തമിഴ് മാസികയുടെ 50-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ രജനി നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അന്ധവിശ്വാസങ്ങള്‍ക്കെതിരേ 1971-ല്‍ പെരിയാറിന്റെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ ശ്രീരാമന്റെയും സീതയുടെയും നഗ്‌നമായ കോലം പ്രദര്‍ശിപ്പിക്കുകയും അതില്‍ ചെരുപ്പുമാല അണിയിക്കുകയും ചെയ്തുവെന്ന രജനിയുടെ പരാമര്‍ശമാണ് വലിയ വിവാദങ്ങളിലേക്ക് വഴിവെച്ചത്‌. അതേസമയം 1971ല്‍ നടന്ന ഈ സംഭവം അന്നത്തെ പത്രങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍ തുഗ്ലക്കിന്റെ സ്ഥാപക എഡിറ്ററായിരുന്ന രാമസ്വാമി പ്രതിസന്ധികള്‍ മറികടന്ന്‌ ഇതിനെ വിമര്‍ശിച്ച് വാര്‍ത്ത നല്‍കിയിരുന്നെന്നും രജനീകാന്ത് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യും രജനിയ്‌ക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. പൊതുവേദികളില്‍ രജനി ശ്രദ്ധയോടെവേണം പ്രസംഗിക്കേണ്ടതെന്ന് ഫിഷറീസ് മന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ ഡി. ജയകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദ്രാവിഡര്‍ വിടുതലൈ കഴകം രജനിയ്‌ക്കെതിരേ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

content highlights; Rajinikanth Says Won't Apologise On Periyar Controversy Statement