ചെന്നൈ: രാഷ്ട്രീയ പ്രവേശന സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ് തമിഴ് സൂപ്പര്‍ താരം രജനികാന്ത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി രൂപീകരിച്ച രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു. 
സംഘടന പഴയതുപോലെ രജനി രസികര്‍ മന്‍ട്രമായി പ്രവര്‍ത്തിക്കും. 

'ഒരു രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കാനും രാഷ്ട്രീയത്തില്‍ സജീവമാകാനും ഞാന്‍ ചിന്തിച്ചിരുന്നു. എന്നാല്‍ സമയം അത്തരമൊന്നിന് സാധ്യമല്ലാത്ത തരത്തിലായിരുന്നു. ഭാവിയില്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ എനിക്ക് ആഗ്രഹമില്ല, അതിനാല്‍ ജനങ്ങളുടെ പ്രയോജനത്തിനായി രജനി മക്കള്‍ മന്‍ട്രം ഒരു ഫാന്‍ ചാരിറ്റി ഫോറമായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ നിങ്ങളെ അറിയിക്കുന്നു' രജനീകാന്ത് പ്രസ്താവനയില്‍ പറഞ്ഞു.

രജനി മക്കള്‍ മന്‍ട്രത്തിലെ സെക്രട്ടറിമാര്‍, അസോസിയേറ്റുകള്‍, ഡെപ്യൂട്ടി സെക്രട്ടറിമാര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ തല്‍ക്കാലം തുടരുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ചയുണ്ടെന്നും രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്നും താരം നേരത്തെ അറിയിച്ചിരുന്നു. 

മൂന്ന് വര്‍ഷത്തിലേറെയായി രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഊഹപോഹങ്ങള്‍ തുടങ്ങിയിട്ട്. 2017-ലെ പുതുവത്സരഘോഷ വേളയിലാണ് രാഷ്ട്രീയത്തിലേക്കുള്ള വരവ് സംബന്ധിച്ച് രജനി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരാധക സംഘടനകള്‍ ചേര്‍ന്ന് രജനി മക്കള്‍ മന്‍ട്രത്തിന് രൂപം നല്‍കിയത്.