ചെന്നൈ: രജനികാന്ത് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ക്കിടെ രജനി മക്കള്‍ മൺഡ്രത്തിന്റെ യോഗം വിളിച്ച് രജനികാന്ത്. തിങ്കലാഴ്ച രാവിലെ 10 മണിക്ക് ചെന്നൈയിലാണ് യോഗം. രജനികാന്തിന്റെ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട സുപ്രധാന യോഗമാണ് നാളെ നടക്കുന്നത്. പാര്‍ട്ടി പ്രഖ്യാപിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഈ യോഗത്തില്‍ രജനി തീരുമാനം അറിയിക്കുമെന്ന് കരുതുന്നു.

ചെന്നൈ കോടമ്പാക്കത്ത് രജനികാന്തന്റെ തന്നെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ രാവിലെ 10 മണിയ്ക്ക് യോഗം ആരംഭിക്കും. രജനി മക്കള്‍ മൺഡ്രത്തിന്റെ സംസ്ഥാന ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കും. ഓരോ നേതാക്കളുമായി നേരിട്ട് സംസാരിച്ച് അഭിപ്രായം ആരായുന്ന തരത്തിലാകും യോഗം.

രാവിലെ  10മണിക്ക് യോഗത്തിന് എത്തണം എന്ന അറിയിപ്പ് മാത്രമാണ് ലഭിച്ചത്. എന്താണ് യോഗത്തിന്റെ അജണ്ട എന്നറിയില്ല. ഭാരവാഹികള്‍ പറഞ്ഞു. കോവിഡ് കാലത്ത് പൊതുപരിപാടികളും ഷൂട്ടിങ്ങുമെല്ലാം ഒഴിവാക്കിയ രജനി വീട്ടില്‍പ്പോലും അതിഥികളെ ഒഴിവാക്കിയിരുന്നു. എന്നിട്ടും ആള്‍ക്കൂട്ടത്തിന് കാരണമായേക്കാവുന്ന യോഗം രജനി വിളിച്ചത് സുപ്രധാന കാര്യമായതിനാലാണ് എന്ന് വിലയിരുത്തപ്പെടുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രജനി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കോവിഡ് സാഹചര്യത്തില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുന്നയാളാണ് അദ്ദേഹം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രജനി രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്നാക്കം പോകുന്നു എന്ന് ഒരു മാസം മുന്‍പ് വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ആരോഗ്യ പ്രശ്നമുണ്ട്, പക്ഷേ പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കും എന്ന് രജനി പിന്നീട് പ്രതികരിച്ചു. അതിനുശേഷം ആദ്യമായാണ് രജനി മക്കള്‍ മൺഡ്രത്തിന്റെ യോഗം നടക്കുന്നത്.

Content Highlights: Rajinikanth likely to decide on his political entry tomorrow