രജനികാന്ത് | Photo: R. Senthil Kumar PTI
ചെന്നൈ: ബുധനാഴ്ച തമിഴകത്ത് ഇറങ്ങിയ ട്രോളുകളിലൊന്ന് ഇതായിരുന്നു: ''Since I am suffering from B(J)P I am unable to enter politics.'' ചലച്ചിത്രനടന്‍ രജനികാന്തിനെ അലട്ടുന്നത് ബി.പി.(രക്തസമ്മര്‍ദ്ദം) ആണോ ബി.ജെ.പിയാണോ എന്ന ചോദ്യം ഒട്ടും അസ്ഥാനത്തല്ല. ആരോഗ്യപ്രശ്നങ്ങള്‍ കാരണം രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ പ്രഖ്യാപനം ഏറെ നിരാശപ്പെടുത്തിയത് ബി.ജെ.പിയെ ആണെന്നത് വ്യക്തമാണ്.
ആര്.എസ്.എസ്. സഹയാത്രികനും തമിഴകത്ത് ബി.ജെ.പിയുടെ ബുദ്ധികേന്ദ്രവുമായ തുഗ്ലക്ക് പത്രാധിപര്‍ എസ്. ഗുരുമൂര്‍ത്തിയുടെ പ്രതികരണത്തില്‍ ഈ നിരാശ പ്രകടമായിരുന്നു. ''ആരോഗ്യം മോശമായതിനെ തുടര്‍ന്ന് രജനികാന്ത് അദ്ദേഹത്തിന്റെ തീരുമാനം എന്നോട് പറഞ്ഞു. അനിവാര്യമായ തീരുമാനമാണത്. എന്നാലും 1996-ലേതുപോലെ ഒരു രാഷ്ട്രീയ ഇടപെടല്‍ അദ്ദേഹം നടത്തുമെന്നാണ് എന്റെ വിലയിരുത്തല്‍.''
ജയലിളതയുടെ ദുര്‍ഭരണത്തിനെതിരെ 1996-ല്‍ രജനികാന്ത് ഡി.എം.കെ. - ടി.എം.സി.(തമിഴ് മാനില കോണ്‍ഗ്രസ്) സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇക്കുറി രാഷ്ട്രീയത്തിലിറങ്ങുന്നില്ലെങ്കിലും രജനികാന്ത് എ.ഐ.എ.ഡി.എം.കെ. - ബി.ജെ.പി. സഖ്യത്തിന് പിന്തുണ നല്‍കുമെന്നായിരിക്കും ഗുരുമൂര്‍ത്തി പ്രത്യാശിക്കുന്നത്. 1996-നുശേഷം പരസ്യമായി രജനികാന്ത് രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത് 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനാണ്.
അന്ന് ചെന്നൈയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ രജനി പറഞ്ഞു: ''എന്റെ വോട്ട് താമരയ്ക്കാണ്.'' ഡി.എം.കെ. സഖ്യത്തിലുള്ള പട്ടാളി മക്കള്‍ കക്ഷി(പി.എം.കെ.)യെ ജനങ്ങള്‍ തിരസ്കരിക്കണമെന്നും രജനി ആവശ്യപ്പെട്ടു. പക്ഷേ, തമിഴകം തിരസ്കരിച്ചത് രജനിയെയാണ്. ആ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. - ബി.ജെ.പി. സഖ്യത്തിന് തമിഴകത്ത് ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല.
പി.എം.കെ. ഉള്‍പ്പെടെ ഡി.എം.കെ. സഖ്യത്തിലെ എല്ലാ കക്ഷികളുടെയും വിജയം സമ്പൂര്‍ണ്ണമായിരുന്നു. രണ്ടു കാര്യങ്ങളാണ് അതേത്തുടര്‍ന്നുണ്ടായത്. ബി.ജെ.പിയുമായുള്ള സഖ്യം ജയലളിത എന്നെന്നേക്കുമായി ഉപേക്ഷിച്ചു. എല്‍.കെ. അദ്വാനിയും നരേന്ദ്ര മോദിയും ആഗ്രഹിച്ചിട്ടുപോലും ബന്ധം പുതുക്കാന്‍ ജയലളിത തയ്യാറായില്ല. പിന്നീടിതുവരെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും രജനി പരസ്യ പിന്തുണ പ്രഖ്യാപിച്ചില്ല എന്നതാണ് രണ്ടാമത്തെ കാര്യം.
തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാന്‍ രജനിക്ക് മേല്‍ ബി.ജെ.പിയുടെ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്നതില്‍ സംശയമില്ല. സന്ദേഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍, രാഷ്ട്രീയിലേക്കിറങ്ങുകയാണെന്ന് രജനി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാള്‍ അര്ജുനമൂര്ത്തിയായിരുന്നു. ബി.ജെ.പിയുടെ ഇന്റലക്ച്വല്‍ സെല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചാണ് മൂര്‍ത്തി രജനിക്കൊപ്പം കൂടിയത്. രജനിയെ കളത്തിലിറക്കുന്നത് ആര്.എസ്.എസും ബി.ജെ.പിയുമാണെന്ന ആരോപണത്തിന് ഇതോടെ ശക്തി കൂടി.

തമിഴകവും ആര്.എസ്.എസും
തമിഴകം ആര്.എസ്.എസിന് എക്കാലവും ഒരു പ്രഹേളികയായിരുന്നു. ഇന്ത്യയില്‍ ഇത്രയധികം കടമ്പകള്‍ മറ്റൊരു സംസ്ഥാനവും ആര്.എസ്.എസിനും ബി.ജെ.പിക്കും മുന്നില്‍ ഉയര്‍ത്തിയിട്ടില്ല. നരേന്ദ്ര മോദി ഇന്ദ്രപ്രസ്ഥം ആദ്യമായി പിടിച്ച 2014-ല്‍ തമിഴകത്തെ 39 സീറ്റുകളില്‍ 37 എണ്ണം ജയലളിതയുടെ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെ. തനിച്ചു പിടിച്ചു.
ധര്മ്മപുരിയും കന്യാകുമാരിയും മാത്രമാണ് അന്ന് ജയലളിതയുടെ കൈയ്യില്‍നിന്നു വിട്ടുപോയത്. ധര്‍മ്മപുരിയില്‍ പി.എം.കെയും കന്യാകുമാരിയില്‍ ബി.ജെ.പിയും വിജയിച്ചു. എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും കോണ്‍ഗ്രസും തനിച്ചു മത്സരിച്ചതാണ് കന്യാകുമാരിയില്‍ ബി.ജെ.പിക്ക് തുണയായത്. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഡി.എം.കെയും ഒന്നിച്ചതോടെ കന്യാകുമാരി ബി.ജെ.പിക്ക് നഷ്ടപ്പെടുകയും ചെയ്തു.
2014-ല്‍ ജയലളിതയുടെ ലക്ഷ്യം ഡല്‍ഹിയായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ തലൈവി നില്ക്കുന്ന പോസ്റ്ററുകളും ഹോര്ഡിങ്ങുകളുമാണ് അന്ന് തമിഴകമെമ്പാടും എ.ഐ.എ.ഡി.എം.കെ. ഉയര്‍ത്തിയത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വന്നാല്‍ പ്രതിപക്ഷം തന്നെ പ്രധാനമന്ത്രിയാക്കുമെന്നാണ് ജയലളിത കണക്ക്കൂട്ടിയത്.
മോദി വേണോ അമ്മ വേണോ എന്ന മുദ്രാവാക്യമുയര്‍ത്തി തമിഴകത്ത് അന്ന് ജയലളിത വന്‍മുന്നേറ്റം നടത്തുകയും ചെയ്തു. പക്ഷേ, ബി.ജെ.പിക്ക് ലോക്സഭയില്‍ കേവല ഭൂരിപക്ഷം കിട്ടിയതോടെ ജയയുടെ പദ്ധതി പാളി. 2019-ല്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ മോദി ഭരണം തുടര്‍ന്നപ്പോഴും തമിഴകം ബി.ജെ.പിയുടെ വഴിക്ക് വന്നില്ല. ഇക്കുറി 39-ല്‍ 38 ഡി.എം.കെയ്ക്കായിരുന്നു.
ജയലളിതയുണ്ടായിരുന്നപ്പോള്‍ സഖ്യത്തിലില്ലാത്തപ്പോഴും തമിഴകത്ത് എ.ഐ.എ.ഡി.എം.കെയുമായി ബ.ിജെ.പി. ഒരേറ്റുമുട്ടലിനും തയ്യാറായിരുന്നില്ല. 2004-ല്‍ കാഞ്ചി ശങ്കരാചാര്യരെ അറസ്റ്റ് ചെയ്തപ്പോള്‍ പോലും ജയലളിതയ്ക്കെതിരെ നീങ്ങാന്‍ ബി.ജെ.പി. നേതൃത്വം മടിച്ചു. പക്ഷേ, ജയലളിത വിട പറഞ്ഞതോടെ ബി.ജെ.പി. തമിഴകത്ത് പുതിയ പദ്ധതികള്‍ മെനഞ്ഞു.
ശശികലയ്ക്കെതിരെ എ.ഐ.എ.ഡി.എം.കെയിലുണ്ടായ കലാപം ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും ആശിര്വ്വാദത്തോടെയായിരുന്നു എന്ന ആരോപണം ശൂന്യതയില്‍നിന്ന് ഉയര്‍ന്നതായിരുന്നില്ല. ഒ. പനീര്‍ശെല്‍വം മുഖ്യമന്ത്രിയായിരിക്കെ തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതും രാജ്യം കണ്ടു. പിന്നീട് ഒ.പി.എസിന് പകരം എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായപ്പോഴും ബി.ജെ.പിയുടെ നിഴല്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് മേലുണ്ടായിരുന്നു. ഈ നിഴല്‍ ഇപ്പോഴും അവിടെയുണ്ട്.

എടപ്പാടിയുടെ വളര്‍ച്ച
എ.ഐ.എ.ഡി.എം.കെയില്‍ തങ്ങളുടെ പിടി മുറുക്കിയ ബി.ജെ.പി. നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചത് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ കാര്യത്തിലാണ്. ഒ.പി.എസിനെപ്പോലെ എടപ്പാടിയും ഒരു കളിപ്പാവയായിരിക്കുമെന്നൊണ് ബി.ജെ.പി. നേതൃത്വം കരുതിയത്. പക്ഷേ, കഴിഞ്ഞ നാലു കൊല്ലം കൊണ്ട് എടപ്പാടി ശരിക്കും കയറിയങ്ങ് വളര്‍ന്നു.
എ.ഐ.എ.ഡി.എം.കെയില്‍ ഇന്നിപ്പോള്‍ എടപ്പാടിയാണ് നേതാവ്. ഒ.പി.എസിനെ ഒതുക്കി എടപ്പാടി പാര്‍ട്ടിയും ഭരണവും തന്റെ നിയന്ത്രണത്തിലാക്കുന്നത് ബി.ജെ.പി. മാത്രമല്ല തമിഴകവും അതിശയത്തോടെ നോക്കി നിന്നു. അണ്ണാ ഹസാരെയെ കളത്തിലിറക്കിയ ആര്.എസ്.എസിന് കെജ്രിവാളിന്റെ വളര്‍ച്ച മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയതുപോലൊരു സംഗതിയാണ് എടപ്പാടിയുടെ കാര്യത്തിലുമുണ്ടായത്.
ജയലളിതയ്ക്ക് ശേഷം എ.ഐ.എ.ഡി.എം.കെ. ശിഥിലമാവുമെന്നും അത് മുതലെടുത്ത് തമിഴകത്ത് വേരുകള്‍ പടര്ത്താമെന്നുമുള്ള ബി.ജെ.പിയുടെ പദ്ധതിക്കാണ് ഇതോടെ തിരിച്ചടിയേറ്റത്. ബി.ജെ.പിക്കെതിരെ ഒരു കലാപത്തിന് എടപ്പാടി ഒരുമ്പെടില്ല. പക്ഷേ, ബി.ജെ.പിക്ക് മുന്നില്‍ എ.ഐ.എ.ഡി.എം.കെയെ അങ്ങിനെയങ്ങ് അടിയറവ് വെയ്ക്കാനും എടപ്പാടിയെ കിട്ടില്ല.
ഇവിടെയാണ് രജനികാന്തിന്റെ പ്രസക്തി ബി.ജെ.പി. തിരിച്ചറിഞ്ഞത്. രജനിയുടെ രാഷ്ട്രീയപ്രവേശം കടുത്ത വെല്ലുവിളിയുയര്‍ത്തിയത് എ.ഐ.എ.ഡി.എം.കെയ്ക്കാണ്. രജനി പാര്ട്ടിയുണ്ടാക്കുമന്നെ് പറഞ്ഞതോടെ എ.ഐ.എ.ഡി.എം.കെയുടെ തലയില്‍കയറി ബി.ജെ.പി. നിരങ്ങാന്‍ തുടങ്ങി എന്നുപറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാവില്ല.
എടപ്പാടിയാണ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് എ.ഐ.എ.ഡി.എം.കെ. പറഞ്ഞപ്പോള്‍ ബി.ജെ.പി. പറഞ്ഞത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നാണ്. ഇതുപോലൊരു അപമാനം അടുത്തകാലത്തെങ്ങും എ.ഐ.എ.ഡി.എം.കെ. നേരിട്ടിട്ടില്ല. രജനി കളത്തിലിറങ്ങിയാല്‍ എ.ഐ.എ.ഡി.എം.കെ. സമ്മര്‍ദ്ദത്തിലാവുമെന്നും വിലപേശി കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാനാവുമെന്നും ബി.ജെ.പിക്ക് അറിയാമായിരുന്നു.
രജനിയുമായുള്ള സഖ്യം ബി.ജെ.പി. ഒരിക്കലും തള്ളിക്കളഞ്ഞിരുന്നില്ല. രജനി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ ഒ.പി.എസിനെക്കൊണ്ട് എ.ഐ.എ.ഡി.എം.കെയില്‍ പിളര്പ്പുണ്ടാക്കാനാവുമന്നെ കണക്കുകൂട്ടലും ബി.ജെ.പിക്ക് ഉണ്ടായിരുന്നു.

പിഴയ്ക്കുന്ന കണക്കുകള്‍
പക്ഷേ, രാഷ്ട്രീയം ജീവിതം പോലെയാണ്, അല്ലെങ്കില്‍ ജീവിതം തന്നെയാണ്. കണക്കുകൂട്ടലുകളും തന്ത്രങ്ങളും എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാം. രജനികാന്തിന്റെ കാര്യത്തിലും ബി.ജെ.പിയുടെ വിലയിരുത്തലുകള്‍ തെറ്റിപ്പോയിരിക്കുന്നു. രാഷ്ട്രീയം രജനിക്ക് പറഞ്ഞിട്ടുള്ളതല്ല എന്നതാണ് വാസ്തവം. രജനിയുടെ ജനിതകത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനമില്ല. അതുകൊണ്ടുതന്നെയാണ് ഇക്കണ്ട കാലമത്രയും രജനി മടിച്ചു നിന്നത്.
ഒടുവില്‍ ബിജെപിയുടെ സമ്മര്‍ദ്ദത്തില്‍പെട്ട് രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനുള്ള തീരുമാനം എടുത്തപ്പോള്‍ രജനി പറഞ്ഞത് ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് ജീവനാപത്തുണ്ടാക്കും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും എന്നാല്‍. ജനങ്ങള്‍ക്കുവേണ്ടി ഉയിരുകൊടുക്കാനും താന്‍ തയ്യാറാണെന്നുമാണ് രജനി പറഞ്ഞത്.
നാളെ, അതായത് ഡിസംബര്‍ 31-ന് രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് രജനി വ്യക്തമാക്കിയിരുന്നത്. ഈ തിയ്യതി അടുത്തതോടെ രജനി കടുത്ത സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്. ഹൈദരാബാദില്‍ തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ രജനി വല്ലാതെ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. മനസ്സിനിഷ്ടമില്ലാത്ത ഒരു കാര്യം ചെയ്യേണ്ടി വന്നാല്‍ ശരീരം കലഹിക്കുമെന്ന് മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗ്രീക്ക് എഴുത്തുകാരന് കസാന്ദ് സാക്കിസ് ആത്മകഥയായ 'റിപ്പോര്‍ട്ട് ടു ഗ്രെക്കൊ'യില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. സാക്കിസ് അപ്പോള്‍ വിയന്നയിലായിരുന്നു. ബുദ്ധനും ക്രിസ്തുവും സാക്കിസിന് മേല്‍ ഒരു ബാധ പോലെ കയറിക്കൂടിയ സമയം. മാംസവും ആത്മാവും തമ്മില്‍ അതിശക്തമായ പോരാട്ടത്തിലേര്‍പ്പെട്ടിരുന്ന കാലം. ഈ ദിവസങ്ങളിലൊന്നില്‍ സാക്കിസിന് ഒരു യുവതിയോട് കടുത്ത പ്രണയമുണ്ടായി. അവരുമായി കൂടിക്കാഴ്ചയ്ക്കുള്ള സമയം നിശ്ചയിച്ചു.
കാമുകിയെ കാണുന്നതിന് പുറക്കേത്ത് പോകാനൊരുങ്ങിയ സാക്കിസ് കണ്ണാടിയിലേക്ക് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി . മുഖം നീരു വന്ന് വീങ്ങിയിരിക്കുന്നു. ഇന്ന് കാണാനാവില്ലെന്ന് കാമുകിക്ക് സാക്കിസ് സന്ദേശമയച്ചു. പക്ഷേ, തുടര്‍ന്നുള്ള ഒരു ദിവസവും മുഖത്തെ വൈരൂപ്യം പോയില്ല. ഒടുവില്‍ വിയന്ന വിട്ട് ഗ്രീസിലേക്ക് തിരിച്ചുപോവാന്‍ സാക്കിസ് തീരുമാനിച്ചു.
വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ സാക്കിസ് കാറിലെ കണ്ണാടിയില്‍ നോക്കി. അത്ഭുതം! മുഖം പൂര്‍വ്വ സ്ഥിതിയിലായിരിക്കുന്നു. മനസ്സിന്റെ കലാപമാണ് തന്റെ മുഖത്തുണ്ടായതെന്നാണ് സാക്കിസ് ഇതെക്കുറിച്ച് പറഞ്ഞത്. മാംസദാഹത്തിനെതിരെ ആത്മാവ് നടത്തിയ കലാപം.
രജനിയുടെ കാര്യത്തിലും ഇതുതന്നെയാണോ സംഭവിച്ചതെന്ന് സംശയിക്കേണ്ടതായുണ്ട്. ഇഷ്ടമല്ലാത്ത ഒരു പ്രവൃത്തി ചെയ്യാനാണ് രജനി നിര്‍ബ്ബന്ധിതനായത്. ഒടുവില്‍ ശരീരം തന്നെ അതിനോട് കലഹിക്കുകയായിരുന്നിരിക്കാം. ഇത് തനിക്ക് പറ്റിയ പണിയല്ലെന്ന് ശരീരം തന്നെ രക്തസമ്മര്‍ദ്ദത്തിന്റെ രൂപത്തില്‍ രജനിയോട് പറഞ്ഞതായിരിക്കാം. എന്തായാലും രജനി ഇന്നലെ പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്. '' ഈ ആരോഗ്യപ്രശ്നം ദൈവത്തിന്റെ മുന്നറിയിപ്പായാണ് ഞാന്‍ കാണുന്നത്. ഞാന്‍ രാഷ്ട്രീയത്തിലേക്കില്ല.''

പോരാട്ടം എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും തമ്മില്‍
രജനിയുടെ പ്രഖ്യാപനത്തോടെ തമിഴകം വീണ്ടും ഡി.എം.കെ. - എ.ഐ.എ.ഡി.എം.കെ. എന്ന ദ്വന്ദത്തിലേക്ക് തിരിച്ചെത്തുകയാണ്. രണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടം തന്നെയാവും ഇക്കുറിയും തമിഴകത്ത്. നിലവില്‍ ഡി.എം.കെ. മുന്നണിക്കാണ് മേല്‍ക്കൈ. ഭരണമികവ് പുലര്‍ത്തുന്നുണ്ടെങ്കിലും വ്യക്തിപ്രഭാവമില്ലെന്നതാണ് എടപ്പാടിയുടെ ന്യൂനത. എം.ജി.ആറിന്റെയോ ജയലളിതയുടെയോ മാസ്മരിക കരിസ്മ എടപ്പാടിക്കില്ല. അതുകൊണ്ടുതന്നെ ജനക്കൂട്ടത്തെ വോട്ടാക്കി മാറ്റാന്‍ എടപ്പാടിക്ക് എത്രമാത്രം കഴിയുമെന്ന കാര്യം സംശയമാണ്.
മറുവശത്ത് ഡി.എം.കെ. സ്റ്റാലിനു കീഴില്‍ പാറപോലെ ഉറച്ചു നില്‍ക്കുകയാണ്. ഒരു തരത്തിലുള്ള ആഭ്യന്തര വെല്ലുവിളിയും സ്റ്റാലിനു മുന്നിലില്ല. ഉത്തരേന്ത്യന്‍ അധീശത്വത്തിനെതിരെയുള്ള വികാരം ഇപ്പോഴും തമിഴകത്ത് ശക്തമാണ്. ഈ വൈകാരികതയ്ക്കൊപ്പം സുദൃഢമായ കാഡര്‍ വോട്ടുകളും ചേരുമ്പോള്‍ മുഖ്യമന്ത്രി പദം ഒടുവില്‍ തന്നെത്തേടിയെത്തിമെന്നാണ് സ്റ്റാലിന് പ്രതീക്ഷിക്കുന്നത്.
നടന് കമല്ഹാസന് ഒരു മൂന്നാം ശക്തിയാകാനുള്ള സാദ്ധ്യത കുറവാണ്. രജനിക്കുള്ള ജനകീയത കമലിനില്ല. എം.ജി.ആറിന്റെ പിന്‍ഗാമിയെന്നൊക്കെ കമല്‍ സ്വയം വിശേഷിപ്പിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ ആഗ്രഹം എന്നു മാത്രം അതിനെ കണ്ടാല്‍ മതി. ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ബദലാകാനുള്ള ശേഷിയോ ശേമുഷിയോ കമലിനില്ല. രജനിയുടെ പിന്തുണ ഇപ്പോള്‍ കമല്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അതിനുള്ള സാദ്ധ്യത വിദൂരമാണ്. മറ്റൊരു ശിവാജി ഗണേശനാവാനാണോ കമലിന്റെ യോഗമെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും.
1996-ലെപ്പോലെ രജനി ഒരു പക്ഷത്തു നില്‍ക്കുമെന്നും ആ പക്ഷം തങ്ങളുടേതായിരിക്കുമെന്നും ബി.ജെ.പി. പ്രതീക്ഷിക്കുന്നുണ്ട്. ഇനിയിപ്പോള്‍ അതിനുള്ള സാദ്ധ്യതയും കമ്മിയാണ്. കാരണം ഒരു പക്ഷത്തു നിന്ന് തന്റെ ജനപ്രീതി അളക്കാനുള്ള മണ്ടത്തരം രജനി കാണിക്കാനിടയില്ല. 2004-ല്‍ കിട്ടിയ തിരിച്ചടി രജനിക്ക് അങ്ങിനെയങ്ങ് മറക്കാനാവില്ല. ബി.ജെ.പി. കിണഞ്ഞു ശ്രമിക്കുമെങ്കിലും ഗാലറിയിലരുന്ന് കളി കാണുന്ന ഒരു കാണിയായിരിക്കും രജനിയെന്ന സൂചനയാണ് ഇപ്പോള്‍ തമിഴകത്തുനിന്ന് ഉയരുന്നത്.
Content Highlights: Rajinikanth calls off decision to form new political party, BJP in doldrums
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..