
രജനീകാന്ത്
ചെന്നൈ: നടൻ രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് അദ്ദേഹം പിന്മാറി. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണെന്നാണ് വിശദീകരണം. കടുത്ത നിരാശയോടെ തീരുമാനം അറിയിക്കുന്നുവെന്നും രജനീകാന്ത് അറിയിച്ചു. എന്നോട് നിങ്ങള്‍ ക്ഷമിക്കുക എന്ന് ട്വിറ്ററില്‍ പങ്കുവെച്ച് കുറിപ്പില്‍ അദ്ദേഹം ജനങ്ങളോട് പറഞ്ഞു. പാര്‍ട്ടി പ്രഖ്യാപിക്കുന്ന തീയതി ഈ മാസം 31 ന് അറിയിക്കുമെന്നായിരുന്നു രജനികാന്ത് നേരത്തെ അറിയിച്ചിരുന്നത്.
ആരോഗ്യസ്ഥിതിയില്‍ പ്രശ്നമുണ്ടെന്ന് രജനി കാന്ത് അറിയിച്ചു. 120 പേര് മാത്രമുള്ള ഒരു ഷൂട്ടിങ് സൈറ്റില്‍ കോവിഡ് പടര്ന്നതിനേ തുടര്‍ന്ന് അതിന്റെ പ്രശ്നം നേരിടേണ്ടിവന്ന തനിക്ക് എങ്ങനെയാണ് ലക്ഷക്കണക്കിനാളുകളുള്ള ഒരിടത്തേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുക എന്ന ചോദ്യം അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു. പാര്‍ട്ടി പ്രഖ്യാപിക്കാതെ തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ എങ്ങനെ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറയുന്നു.
നേരത്തെ അണ്ണാതെ സിനിമയുടെ ഷൂട്ടിങ്ങിനിടെ രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെത്തുടര്‍ന്ന് ഹൈദരാബാദില്‍ അദ്ദേഹം ചികിത്സ തേടിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടുവെങ്കിലും രജനി ആരോഗ്യം ശ്രദ്ധിക്കണം എന്ന നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. ഒരാഴ്ച പൂര്‍ണമായും ബെഡ് റെസ്റ്റ്, ടെന്‍ഷന്‍ വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം, കോവിഡ് പകരാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കണം എന്നും ഡോക്ടര്‍മാര്‍ താരത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കുറച്ച് വര്‍ഷം മുന്‍പ് കിഡ്നി മാറ്റിവെച്ച സാഹചര്യം കൂടി പരിഗണിച്ചാണ് നിര്‍ദേശം. ഇതോടെ രജനിയുടെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു.
രജനിയുടെ രാഷ്ട്രീയപ്രവേശനം വര്‍ഷങ്ങളായി തമിഴകത്തിലെ പ്രധാന ചര്‍ച്ചാവിഷയമാണെങ്കിലും ജയലളിതയുടെ മരണത്തെത്തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. സമയമാകുമ്പോള്‍ താന്‍ പോരാട്ടം തുടങ്ങുമെന്നായിരുന്നു ഇതേക്കുറിച്ചുള്ള രജനിയുടെ ഇതുവരെയുള്ള പ്രതികരണം. 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയ്ക്കെതിരേ രജനീകാന്ത് പരസ്യമായി രംഗത്തുവന്നിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. വന്‍ പരാജയം നേരിട്ടതോടെയാണ് രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും തുടങ്ങിയത്.
Content Highlights: Rajinikanth backtracks on party announcement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..