കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ വനം വകുപ്പ് മന്ത്രി രാജിബ് ബാനര്‍ജി മന്ത്രിസ്ഥാനം രാജിവെച്ചു. രാജിക്കത്തില്‍ പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ രാജിബ് തനിക്ക് അവസരം തന്നതിന് ഹൃദയപൂര്‍വം നന്ദി അറിയിക്കുകയും ചെയ്തു. എന്നാല്‍ എന്ത് കൊണ്ടാണ് രാജി എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മമത മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് രാജീബ് ബാനര്‍ജി. ബി.ജെ.പിയിൽ ചേരുന്നതിന് മുന്നോടിയായാണ് രാജി എന്നാണ് അഭ്യൂഹം. 

ഫെയ്സ്ബുക്കിലൂടെയാണ് തന്റെ രാജി വാര്‍ത്ത രജിബ് ജനങ്ങളെ അറിയിച്ചത്. 'നിങ്ങളെ ഓരോരുത്തരേയും എന്റെ കുടുംബാംഗങ്ങളായാണ് കണ്ടിരുന്നത്. നിങ്ങളുടെ പിന്തുണ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നതിന് എനിക്ക് പിന്തുണ നല്‍കി. എന്റെ രാജി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. ബന്ധപ്പെട്ട  അധികൃതരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.' ഫെയ്്സ്ബുക്കില്‍ രാജിബ് കുറിച്ചു. 

രാജി നല്‍കിയതിന് ശേഷം രാജിബ് ബാനര്‍ജി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. ചില തൃണമൂല്‍ നേതാക്കള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജീബ് ബാനര്‍ജിയുടെ രാജി.

Content Highlights: Rajib Banerjee resigns from Mamata Banerjee Cabinet