ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസുമായുള്ള വെടിവെപ്പില്‍ കൊല്ലപ്പെട്ട അധോലോക നേതാവ് രാജേഷ് ഭാര്‍തി തന്‌റെ ക്രിമിനല്‍ ജീവിതം ആരംഭിച്ചത് 11ാം വയസ്സില്‍ സ്വന്തം പിതാവിനെ വധിച്ചുകൊണ്ട്. 1993 മെയ് മാസത്തിലാണ് രാജേഷ് തന്‌റെ പിതാവിനെ കൊല്ലുന്നത്. തുടര്‍ന്ന് ജീവിതം ജുവനൈല്‍ ഹോമില്‍. ചൂതാട്ടത്തില്‍ നിന്ന് വിലക്കിയതിനാണ് രാജേഷ് തന്‌റെ പിതാവിന് നേരെ നിറയൊഴിച്ചത്. 
 
ശനിയാഴ്ച്ച രാവിലെയാണ് പോലീസ് രാജേഷിനെ വെടിവെപ്പിലൂടെ വധിച്ചത്. എന്നാല്‍ ഇത് പോലീസുമായുള്ള രാജേഷിന്റെ ആദ്യത്തെ ഏറ്റുമുട്ടലല്ല. 2011 മാര്‍ച്ച് 8 ന് സൗത്ത് ഡല്‍ഹിയിലെ രങ്ക്പുരി പഹാടിയില്‍ രാജേഷിന്‌റെയും കൂട്ടോളികളുടെയും യോഗം നടക്കുന്ന സ്ഥലം പോലീസ് വളഞ്ഞിരുന്നു. അന്ന് ഏറെ നേരത്തെ ഏറ്റുമുട്ടലിനും വെടിവെപ്പിനും ശേഷമാണ് പോലീസിന് രാജേഷിനെ അറസ്റ്റ് ചെയ്യാനായത്. ദില്ലിയിലെ ഒരു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യമായി 35 ലക്ഷം ഈടാക്കിയ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്.

പോലീസ് പറയുന്നത് പ്രകാരം അധോലോക നായകന്മാരുടെ ജീവിതം പറയുന്ന സിനിമകളാണ് രാജേഷിന്‌റെ അധോലോക ജീവിത്തെ സ്വാധീനിച്ചത്. ഇത്തരം സിനിമകളുടെ കടുത്ത ആരാധകനായിരുന്നു രാജേഷ്. പ്രമുഖരെ ഭീഷണിപ്പെടുത്തി ഫോണ്‍ ചെയ്ത ശേഷം അവരുടെ വീടുകളില്‍ സ്വന്തം ഗ്യാങ്ങിന്റെ പേരില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നത് ഇവരുടെ രീതിയായിരുന്നു. ഇത് തങ്ങള്‍ ഒരു ഹിന്ദി സിനിമയില്‍ കണ്ടതാണ് എന്നായിരുന്നു രാജേഷിന്‌റെ ഒരു കൂട്ടാളി പറഞ്ഞത്. 

 കാര്‍ മോഷണത്തിലൂടെ തുടങ്ങിയ ഭാര്‍തിയുടെ സംഘം പിന്നീട് തട്ടികൊണ്ടുപോകലുകളിലും ഭീഷണിപ്പെടുത്തി പണം തട്ടലിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ദാവൂദ് ഇബ്‌റാഹിമിന്‌റെ വലംകൈ ആയ ഛോട്ടാ ഷക്കീലുമായി തനിക്കുള്ള ബന്ധത്തെ കുറിച്ച് രാജേഷ് എപ്പോഴും വീമ്പ് പറയാറുണ്ടായിരുന്നു. ഡി കമ്പനി ആയിരുന്നു എന്നും രാജേഷിന്റെ സ്വപ്‌ന ടീം. തന്‌റെ സ്വപ്‌നങ്ങള്‍ക്കനുസരിച്ച് തന്റെ ടീം വളരാത്തതില്‍ അവസാനകാലത്ത് ദു:ഖിതനായിരുന്നത്രേ രാജേഷ്. സിനിമ കണ്ട് തുടങ്ങിയ രാജേഷ് ഭാര്‍തി എന്ന അധോലോക നായകന്‌റെ ജീവിതം സിനിമ പോലെ തന്നെ അവസാനിക്കുകയും ചെയ്തു.