ജയ്പുര്‍: ഇന്ധന നികുതി കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത്‌. മറ്റ് സംസ്ഥാനങ്ങള്‍ നികുതി കുറച്ച സാഹചര്യത്തില്‍ തങ്ങള്‍ക്കും കുറയ്‌ക്കേണ്ടി വരുമെന്ന് അശോക് ഗഹലോത്ത്‌ ജോധ്പുരിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.  

സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറച്ചുകൊണ്ട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന ഇന്ധനവിലയ്ക്ക് ഉത്തരവാദികള്‍ കേന്ദ്ര സര്‍ക്കാരാണെന്നും ഇന്ധനത്തിന് വന്‍തോതില്‍ നികുതി ചുമത്തി അവര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഗഹലോത്ത്‌ ആരോപിച്ചു.

ഇത്രയും ചെയ്തതിന് ശേഷമാണ് തുച്ഛമായ ആശ്വാസം കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയതെന്നും ഗഹലോത്ത്‌ പറഞ്ഞു. ഈ വര്‍ഷം ജനുവരി 29 മുതല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ പെട്രോള്‍ ലിറ്ററിന് 3 രൂപയും ഡീസലിന് 3.8 രൂപയും വാറ്റ് നികുതി ഇതിനോടകം തന്നെ കുറച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Content Highlights: rajasthan to reduce tax on fuel says chief minister ashok gehlot