ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ കാലത്തു നടപ്പാക്കിയ പരിഷ്‌കരണങ്ങള്‍ ഒഴിവാക്കി രാജസ്ഥാനിലെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പഴയനിലയിലാക്കാനൊരുങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍. മുന്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ക്കു പകരം നെഹ്‌റു അടക്കമുള്ള ദേശീയ നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കി പാഠപുസ്തകങ്ങള്‍ നവീകരിക്കാനാണ് അശോക് ഗഹ്‌ലോത്തിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ നീക്കം.

വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി പാഠപുസ്തകങ്ങളും മറ്റു പഠനസാമഗ്രികളും പുനഃപരിശോധന നടത്തുമെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദസ്താശ്ര പറഞ്ഞു. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ ദേശീയ നേതാക്കളുടെ സംഭാവനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം നല്‍കിക്കൊണ്ടായിരിക്കും പാഠപുസ്തകങ്ങള്‍ നവീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തകങ്ങളില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ പരിശോധിക്കാനും അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് റിപ്പോര്‍ട്ട് നല്‍കാനും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വികസന പദ്ധതികളുടെ ഭാഗമായി കാവി നിറത്തിലുള്ള സൈക്കിളുകള്‍ നല്‍കാനുള്ള തീരുമാനവും വിവിധ ബോര്‍ഡുകളിലും കൗണ്‍സിലുകളിലും ആര്‍എസ്എസ് പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ തിരുകിക്കയറ്റിയ നടപടിയും പുനപ്പരിശോധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപിയുടെ ഭരണകാലത്ത് പഠനപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. 2016ല്‍ എട്ടാം ക്ലാസ് പാഠപുസ്തകങ്ങളില്‍ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര നേതാവുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് ഒഴിവാക്കിയിരുന്നു. കൂടാതെ, സരോജിനി നായിഡു, മദന്‍ മോഹന്‍ മാളവ്യ തുടങ്ങി നിരവധി നേതാക്കളുടെ പേരുകളും ഒഴിവാക്കപ്പെട്ടിരുന്നു. ഇതിനെതിരെ സംസ്ഥാനത്തിനകത്തും പുറത്തും രൂക്ഷമായ എതിര്‍പ്പുകളും ഉയര്‍ന്നുവന്നിരുന്നു.

Content Highlights: Rajasthan, textbooks to be reviewed, Gandhi, Nehru, Congress, BJP