ന്യൂഡല്‍ഹി: രാജസ്ഥാന്‍ നിയമസഭാ സമ്മേളനം നാളെ ചേരാനിരിക്കെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതിന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. മായാവതിയുടെ ബി.എസ്.പിയില്‍ നിന്ന് എം.എല്‍.എമാര്‍ കൂറുമാറി കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ബി.ജെ.പി. എം.എല്‍.എ. മദന്‍ ദിലാവറിന്റെ ഹര്‍ജിയാണ് കോടതി തള്ളിയത്.
സച്ചിന്‍ പൈലറ്റ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ ഗെഹ്‌ലോത് നാളെ വിശ്വാസ വോട്ടെടുപ്പ് തേടുമെന്നാണ് റിപ്പോര്‍ട്ട്. സച്ചിന്‍ പൈലറ്റും അനുയായികളും തിരിച്ചെത്തിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായി വിശ്വാസത്തിലെടുക്കാന്‍ ഗെഹ്‌ലോത് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് ബി.എസ്.പി. എം.എല്‍.എമാര്‍ക്ക് സഭയില്‍ പങ്കെടുക്കുന്നതിന് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്താത്തത് ഗെഹ്‌ലോത്തിന് വലിയ ആശ്വാസമാണ്.
ബി.എസ്.പി. എം.എല്‍.എമാരുടെ ലയനം താത്കാലികമായി തടയണമെന്നും അവരെ സഭയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബി.ജെ.പി. എം.എല്‍.എയുടെ ഹര്‍ജി. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി മൂന്നാംഗ ബെഞ്ച് അറിയിക്കുകയായിരുന്നു. രാജസ്ഥാനില്‍ ബി.എസ്.പിക്കുണ്ടായിരുന്ന മുഴുവന്‍ എം.എല്‍.എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നതിനാല്‍ കൂറുമാറ്റ നിരോധ നിയമം ഇവര്‍ക്കെതിരെ ബാധകമാകില്ലെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.
സച്ചിന്‍ പൈലറ്റിന്റേയും 18 അനുഭാവികളുടേയും പിന്തുണയില്ലാതെ 200 അംഗ സഭയില്‍ 102 പേരുടെ പിന്തുണയാണ് ഗെഹ്‌ലോത് അവകാശപ്പെടുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലൂടെ പ്രശ്‌നങ്ങള്‍ക്ക് തത്കാലം ഇടവേള നല്‍കി സച്ചിന്‍ പൈലറ്റും അനുഭാവികളും പാര്‍ട്ടിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇവരുടെ പിന്തുണകൂടി ആകുമ്പോള്‍ ഗെഹ്‌ലോതിന് തത്കാലം ആശങ്കയ്ക്ക് വകയില്ല. അതേസമയം ബി.ജെ.പിക്കുള്ളിലെ വിള്ളലും ഗെഹ്‌ലോതിന് അനുകൂലമാണ്.
നാളെ നിയമസഭ സമ്മേളിക്കാരനിക്കെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് അഞ്ചു മണിക്ക് അശോക് ഗെഹ്‌ലോത് വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഗെഹ്ലോതിന്റെ വീട്ടില്‍ വെച്ച് നടക്കുന്ന യോഗത്തിലേക്ക് സച്ചിന്‍ പൈലറ്റടക്കമുള്ളവര്‍ക്കും ക്ഷണമുണ്ട്. ഒരു മാസത്തോളം സര്‍ക്കാരിനെ പ്രതിസന്ധിയാക്കി തിരിച്ചെത്തിയ ശേഷം പൈലറ്റ് ഗെഹ്‌ലോതുമായി മുഖാമുഖം വരുമെന്നതാണ് യോഗത്തിന്റെ പ്രത്യേകത. 'എല്ലാം മറന്ന് മുന്നോട്ടുപോകുക' എന്നാണ് വിമതരുടെ മടങ്ങി വരവിന് ശേഷമുള്ള ഗെഹ്ലോതിന്റെ ആവര്‍ത്തിച്ചുള്ള പ്രതികരണം.
Content Highlights: Rajasthan-SC refuses to pass any interim order on BJP MLA-merger of 6 BSP MLAs in Congress