പ്രതീകാത്മക ചിത്രം | Photo: Dar Yasin| AP
ജയ്പുര്‍: രാജസ്ഥാനിലെ ഉദയ്പുറില്‍ രാജ്യത്തെ രണ്ടാമത്തെ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ സ്ഥരീകരിച്ച 73-കാരനായ വ്യക്തിക്ക് രക്താതിസമ്മര്‍ദ്ദവും പ്രമേഹവും ബാധിച്ചിരുന്നു. ഈ മാസം 21-ന് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. 25 വീണ്ടും കോവിഡ് പോസിറ്റീവ് ആകുകയും ഓമിക്രോണ്‍ സ്ഥിരീകരിക്കുകയുമായിരുന്നു. കോവിഡാനന്തര ന്യൂമോണിയ ബാധിച്ചാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മഹാരാഷ്ട്രയിലാണ് രാജ്യത്തെ ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചത്. പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ യശ്വന്ത്റാവു ചവാന് ആശുപത്രിയില്‍ ചികിത്സിലായിരുന്ന നൈജീരിയില്‍ നിന്നെത്തിയ 52-കാരന് കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. പിന്നീട് നടന്ന പരിശോധനയില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുകയായിരുന്നു.
ഹൃദസ്തംഭനം മൂലമാണ് മരണമെന്നായിരുന്നു ആദ്യ പരിശോധനയില്‍ കണ്ടെത്തിയത്. നാഷണല്‍ ഇന്‍സ്റ്റിറ്റിറ്യൂട്ട് ഓഫ് വൈറോളജിയില്‍ ഇദ്ദേഹത്തിന്റെ സാമ്പിള്‍ അയച്ചിരുന്നു. ഈ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ 13 വര്‍ഷമായി ഇദ്ദേഹം പ്രമേഹബാധിതനായിരുന്നുവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇതിനിടെ രാജ്യത്ത് 16,764 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ 23 സംസ്ഥാനങ്ങളിലായി 1270 ഒമിക്രോണ്‍ ബാധിതരാണുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളത്. 450 പേര്‍ക്കാണ് ഇവിടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ 320 പേര്‍ക്കും ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 91,361 സജീവ രോഗികളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,48,38,804 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 220 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,81,080 ആയി.
Content Highlights: Second Omicron Death Reported in India; First in Rajasthan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..