ജോധ്പുര്‍: ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ രാജസ്ഥാനിലെ ഒരു ഹോട്ടല്‍ രണ്ട് പുതിയ വിഭവങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ്-സ്‌പെഷ്യല്‍ 'കോവിഡ് കറി'യും 'മാസ്‌ക് നാനും'. ജോധ്പുരിലെ വെജിറ്റേറിയന്‍ വേദിക് എന്ന ഹോട്ടലാണ് പുതിയ വിഭവങ്ങളൊരുക്കി ആളുകളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്.
കൊറോണവ്യാപനത്തെ തുടര്‍ന്നുണ്ടായ ഭയവും ആശങ്കയും കാരണം ആളുകള്‍ ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കിയതോടെ ഹോട്ടല്‍ വ്യവ്യവസായമേഖല ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് വെജിറ്റേറിയന്‍ വേദിക് ഹോട്ടലുടമ യഷ് സോളങ്കി പറയുന്നു.
വറുത്തെടുത്ത വെജിറ്റബിള്‍ ബോളുകള്‍ക്ക് കൊറോണവൈറസിന്റെ ആകൃതിയാണ്. നാന്‍ പോലെയുള്ള റോട്ടിവിഭവങ്ങളാകട്ടെ മാസ്‌കുകള്‍ പോലെയും. കോവിഡ് കറിയില്‍ ആരോഗ്യദായകങ്ങളായ സുഗന്ധവ്യഞ്ജനങ്ങളും മൂലികകളും അധികമായി ചേര്‍ത്തിരിക്കുന്നതായി ഹോട്ടല്‍ നല്‍കിയ പരസ്യത്തില്‍ അവകാശപ്പെടുന്നു.
ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും ജനങ്ങള്‍ ഇപ്പോഴും പുറമേ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ ഭയപ്പെടുന്നതായി സോളങ്കി കൂട്ടിച്ചേര്‍ത്തു. ആളുകളെ ഹോട്ടലുകളിലേക്ക് തിരികെ എത്തിക്കാന്‍ ഇത്തരത്തിലുള്ള ഏതെങ്കിലും മാര്‍ഗങ്ങള്‍ തന്നെ വേണ്ടി വരുമെന്നും സോളങ്കി കൂട്ടിച്ചേര്‍ത്തു.
24 മണിക്കൂറില്‍ 50,000 ത്തിലധികം പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണസംഖ്യ ദിവസേന 800 ഓളമാണ്. 18 ലക്ഷത്തോളം പേര്‍ക്ക് ഇതു വരെ രാജ്യത്ത് കോവിഡ്-19 ബാധിച്ചു. യുഎസ്, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലായി ഇന്ത്യ ഇപ്പോള്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ്.