ജയ്പൂര്‍:  രാജിസ്ഥാനില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. രാവിലെ 11 മണിവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസ് 341 വാര്‍ഡുകളില്‍ വിജയിച്ചിട്ടുണ്ട്. 256 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 131 ഇടത്ത് സ്വതന്ത്രരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന 293 വാര്‍ഡുകളില്‍ കോണ്‍ഗ്രസും ബിജെപി 212 വാര്‍ഡിലും ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. 106 വാര്‍ഡുകളില്‍ സ്വതന്ത്രരാണ് മുന്നില്‍. 

മൂന്നു നഗര്‍ നിഗം, 19 നഗര്‍ പരിഷത്ത്, 27 നഗര്‍ പാലിക എന്നിവടങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 2105 കൗണ്‍സിലര്‍മാരെയാണ് തിരഞ്ഞെടുക്കുന്നത്. 7942 സ്ഥാനാര്‍ഥികളാണ് രംഗത്തുണ്ടായിരുന്നത്. ബാരന്‍, ബാര്‍മര്‍, ചിത്തോര്‍ഗഡ്, ജയ്‌സാല്‍മീര്‍, ജുന്‍ജുനു, കോട്ട, സികാര്‍, രാജസമന്ദ്, സിരോഹി എന്നീ ജില്ലകളില്‍ കോണ്‍ഗ്രസ് മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ ജാലോര്‍, ഉദയ്പൂര്‍ ജില്ലകളില്‍ ബിജെപിക്കാണ് നേട്ടം.

ഭരത്പൂരില്‍ സ്വതന്ത്രരാണ് മുന്നില്‍. രാജസമന്ദ് ജില്ലയിലെ അമേട്ടില്‍ ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് ഭരണം പിടിച്ചു. 23 വാര്‍ഡുകളില്‍ 17 ഇടത്തും അവര്‍ ജയിച്ചു. തങ്ങളുടെ കോട്ടയില്‍ ബി.ജെപിക്ക് കേവലം എട്ട്‌ വാര്‍ഡില്‍ മാത്രമാണ് ജയിക്കാനായത്. 

ഫലോദിയില്‍ 38 വാര്‍ഡുകളില്‍ 27 ഇടത്തും കോണ്‍ഗ്രസ് വിജയിച്ചു. സിരോഹി മുനിസിപ്പാലിറ്റിയില്‍ 22 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ഒമ്പതിടത്ത് ബിജെപി ജയിച്ചു. ടോങ്കില്‍ 13 വാര്‍ഡുകളില്‍ ബിജെപിയും 12 ഇടത്ത് കോണ്‍ഗ്രസും വിജയിച്ചപ്പോള്‍ ഒമ്പത് ഇടത്ത് ജയിച്ച സ്വതന്ത്രര്‍ നിര്‍ണായകമാകും.

ഇവിടെ ഒരു വാര്‍ഡില്‍ സിപിഎം വിജയിച്ചു. കോട്ടയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടു. ഇവിടെ കൈത്തൂണില്‍ 25 വാര്‍ഡുകളില്‍ 18 ഇടത്തും കോണ്‍ഗ്രസ് ജയിച്ചു. സങ്കോഡിലും 25 വാര്‍ഡുകളില്‍ 16 ഇടത്തും വിജയം കോണ്‍ഗ്രസിനാണ്. ബിക്കാനീറില്‍ ബിജെപി വന്‍ വിജയം നേടി.

18 വാര്‍ഡില്‍ ബിജെപി ജയിപ്പോള്‍ കേവലം അഞ്ചിടത്ത് ഇടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. 35 വാര്‍ഡുകളുള്ള ശിവഗഞ്ജിലും ബിജെപി 15, കോണ്‍ഗ്രസ് 13 എന്നതാണ് ഫലം. ഏഴ് വാര്‍ഡില്‍ ജയിച്ച സ്വതന്ത്രര്‍ ഭരണം നിശ്ചയിക്കും. 25 വാര്‍ഡുള്ള സിരോഹിയിലും 17 ഇടത്തും കോണ്‍ഗ്രസ് ജയിച്ചു.

കനത്ത പോരാട്ടം നടന്ന ജയ്‌സാല്‍മീറില്‍ ആകെയുള്ള 45 വാര്‍ഡുകളില്‍ 21 ഇടത്ത് കോണ്‍ഗ്രസും 20 ഇടത്ത് ബിജെപിയും ജയിച്ചു. ഛാബ്രയിലെ 35 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 15 ഇടത്തും ബിജെപി എട്ടിടത്തും ജയിച്ചു. സ്വതന്ത്രര്‍ 16 വാര്‍ഡില്‍ ജയിച്ചു. 

Content Highlights: Congress wins 316 wards, BJP 234