ബൂന്ദി (രാജസ്ഥാന്‍): ടോള്‍ പ്ലാസയില്‍ അനധികൃത പണപ്പിരിവ് നടത്തുന്നുവെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാന്‍ മന്ത്രി നേരിട്ടെത്തി.  രാജസ്ഥാനിലെ ബൂന്ദിലാണ് സംഭവം. സംസ്ഥാന കായിക - യുവജനക്ഷേമ മന്ത്രി അശോക് ചന്ദ്‌നയാണ് ജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് ടോള്‍ പ്ലാസയില്‍ നേരിട്ടെത്തിയത്.

ആരോപണം നേരിടുന്ന പോലസ് ഉദ്യോഗസ്ഥന് അദ്ദേഹം ശക്തമായ താക്കീത് നല്‍കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥനെ മന്ത്രി താക്കീത് ചെയ്യുന്ന വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. അനാവശ്യമായി പണപ്പിരിവ് നടക്കുന്നുവെന്ന നിരന്തര പരാതിയെ തുടര്‍ന്നാണ് അശോക് ചന്ദ്‌ന ടോള്‍ പ്ലാസയിലെത്തിയത്. മര്യാദ പാലിച്ചില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്ന് മന്ത്രി പോലീസ് ഉദ്യോഗസ്ഥനോട് പറയുന്നത് വീഡിയോയിലുണ്ട്.


ടോള്‍ ബൂത്തിലിരുന്ന് പണം വാങ്ങുന്നതാണോ പണി ? പോലീസില്‍ നിന്ന് നീക്കി ടോള്‍ബൂത്തില്‍ പണി നല്‍കുമെന്നും അശോക് പോലീസുകാരന് താക്കീത് നല്‍കുന്നു. പാവപ്പെട്ട ജനങ്ങളുടെ പക്കല്‍ നിന്ന് പണം കൈക്കലാക്കി സ്വന്തം ജോലി നഷ്ടപ്പെടുത്തരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Content Highlights: Rajasthan Minister admonished Cop Extorts Money, Toll Plaza