ന്യൂഡല്‍ഹി:  കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്‌കീമിനോടു മുഖം തിരിച്ച് രാജസ്ഥാനും മഹാരാഷ്ട്രയും. മോദികെയര്‍ എന്നു വിശേഷിപ്പിക്കുന്ന പദ്ധതി നടപ്പില്‍ വരുത്തുന്നതിനോട് വിമുഖത പ്രകടിപ്പിച്ചിരിക്കുകയാണ് ബിജെപി ഭരിക്കുന്ന ഈ രണ്ടു സംസ്ഥാനങ്ങളും. സമാനരീതിയിലുള്ള പദ്ധതികള്‍ സംസ്ഥാനത്ത് നിലവിലുണ്ടെന്നു കാണിച്ചാണ് ഇരുസംസ്ഥാനങ്ങളും മോദികെയറിനോടു താല്‍പര്യം കാണിക്കാത്തതെന്നാണ് സൂചനയെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ആയുഷ്മാന്‍ ഭാരതിനെ രാജസ്ഥാന്‍ സ്വാഗതം ചെയ്തിരുന്നുവെങ്കിലും അതു നടപ്പില്‍ വരുത്തുന്ന കാര്യത്തില്‍ സംസ്ഥാനത്തിനു തീര്‍ച്ചയില്ലെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള ഭാമാഷാ സ്വാസ്ഥ്യ ഭീമ യോജന പദ്ധതി പ്രകാരം നാലരക്കോടിയോളം ജനങ്ങളില്‍ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. 

നിലവിലെ പദ്ധതിയെ ബാധിക്കാത്ത വിധത്തില്‍ ഇരു സ്‌കീമുകളും ഒന്നിപ്പിക്കുന്നതിനെക്കുറിച്ചും സംസ്ഥാനം ചിന്തിക്കുന്നുണ്ട്. വിഷയത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുമായി ആയുഷ്മാന്‍ ഭാരത് സിആഒ ഡോ. ഇന്ദുഭൂഷണ്‍ സംസാരിച്ചിരുന്നു. 

ഫണ്ടിന്റെ അഭാവമാണ് പദ്ധതി നടപ്പിലാക്കുന്നതിനു തടസ്സമാകുന്നതെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. സംസ്ഥാനത്ത് മഹാത്മാ ജ്യോതിഭാ ഫുലെ ജന്‍ ആരോഗ്യ യോജന എന്ന പേരില്‍ നടക്കുന്ന ആരോഗ്യ പദ്ധതി രണ്ടരക്കോടിയോളം ജനങ്ങള്‍ക്കു പരിരക്ഷ നല്‍കുന്നുണ്ട്. 

ഒഡീഷയും ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. ഒഡീഷയില്‍ ബിജു സ്വാസ്ഥ്യ കല്യാണ്‍ യോജന എന്ന പേരില്‍ നടപ്പിലാക്കുന്ന ആരോഗ്യ പദ്ധതി മോദികെയറിനേക്കാള്‍ മികച്ചതാണെന്ന വാദവും സംസ്ഥാനത്തിനുണ്ട്. പഞ്ചാബും ഡല്‍ഹിയും ഇനിയും മോദികെയറിനോട് അനുകൂലം പ്രകടിപ്പിച്ചിട്ടില്ല. അതേസമയം ഇരുപത്തിയഞ്ചോളം സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പദ്ധതി നടപ്പിലാക്കുന്നതിനോട് പച്ചക്കൊടി കാണിച്ചിട്ടുണ്ട്.

കഴിഞ്ഞ ബജറ്റിലാണ് ആരോഗ്യ പരിരക്ഷ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. അമ്പത് കോടി ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ച പദ്ധതിയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ പദ്ധതിയെന്നാണ് ബജറ്റ് അവതരണത്തിനിടെ കേന്ദ്രധനമന്ത്രി വിശേഷിപ്പിച്ചത്.

അതിനിടെ, രാജസ്ഥാന്‍, മഹാരാഷ്ട്രാ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. സേവനം തടസ്സപ്പെടുത്താതിരിക്കാന്‍ ആയുഷ്മാന്‍ ഭാരതുമായി കൂടിച്ചേരുന്നതു സംബന്ധിച്ചുള്ള ധനപരമായ കാര്യങ്ങളില്‍ പുനരവലോകനം നടത്തുകയാണ് ഇരു സംസ്ഥാനങ്ങളുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

 

Content highlights: Rajasthan Maharashtra Reluctant to Implement Modicare