അശോക് ഗെഹ്ലോട്ട് | ഫോട്ടോ : ANI
ജയ്പുര്‍ : കഴിഞ്ഞ മാസം പാര്‍ലമെന്റ് അനുമതി നല്കിയ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളെ പ്രതിരോധിക്കാന്‍ മൂന്ന് ബില്ലുകള്‍ നിയമ സഭയില്‍ അവതരിപ്പിച്ച് രാജസ്ഥാന് സര്‍ക്കാര്‍. പഞ്ചാബിന്റെയും ചത്തീസ്ഗഢിന്റെയും ചുവടുപിടിച്ചാണ് ഈ പുതിയ നീക്കം
പഞ്ചാബ് നിയമസഭ നാല് പുതിയ ഫാം ബില്ലുകള്‍ ഈ മാസമാദ്യം പാസാക്കിയിരുന്നു. കേന്ദ്രവ്യവസ്ഥകളെ ഇല്ലാതാക്കുന്നതും എംഎസ്പിക്ക് താഴെയുള്ള ഗോതമ്പും നെല്ല് വില്‍ക്കുന്നതിനും വാങ്ങുന്നതിനും വിലക്ക് നല്‍കുന്നതുമായ ഭേദഗതി ബില്ലുകളായിരുന്ന ഇതില്‍ മൂന്നെണ്ണം. ഛത്തീസ്ഗഡ് നിയമസഭയും ഇത്തരത്തില്‍ ചത്തീസ്ഗഢ് കൃഷി ഉപാജ് മണ്ഡി (ഭേദഗതി) ബില്‍ 2020 ന് അംഗീകാരം നല്‍കിയിരുന്നു.
നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ രാജസ്ഥാനിലെ പാര്‍ലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാള്‍ അവശ്യവസ്തുക്കളുടെ ബില്‍, കര്‍ഷക ശാക്തീകരണ സംരക്ഷണ ബില്‍, ന്യായവില ഉറപ്പ് നൽകുന്ന കാര്‍ഷിക സേവന ബില്‍, കര്‍ഷക വ്യാപാര വാണിജ്യ ഉത്പാദന ബില്‍ എന്നിവ അവതരിപ്പിച്ചിരുന്നു. രാജസ്ഥാന് കോഡ് ഓഫ് പ്രൊസീജ്യര്‍ ബില്ലും ഈ നിയമസഭാ സമ്മേളനത്തില്‍ ധരിവാള്‍ അവതരിപ്പിച്ചിരുന്നു.
സംസ്ഥാനങ്ങളെ ആത്മവിശ്വാസത്തിലെടുക്കാതെ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയതായി രാജസ്ഥാന് മന്ത്രി പ്രതാപ് ഖചരിയവാസ് പറഞ്ഞു." കേന്ദ്രം കര്‍ഷകരോട് കള്ളം പറയുകയാണ്, എന്നാല്‍ ഞങ്ങള്‍ അവരുടെ അവകാശങ്ങള്‍ നേടാന്‍ ശ്രമിക്കുകയാണ്, പഞ്ചാബിലുള്ളതിന് സമാനമായ കാര്‍ഷിക ബില്ലുകള്‍ ഇവിടെ പാസാക്കും, അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 254 (2) പ്രകാരം, ഒരു സംസ്ഥാനത്തിന് കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട കേന്ദ്ര നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. ബില്ലുകള്‍ നിയമസഭ പാസാക്കിയാല്‍, അത് ഗവര്‍ണര്‍ വഴി രാഷ്ട്രപതിക്ക് കൈമാറും, പിന്നീട് രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം തേടും. നിയമ നിര്‍മ്മാണങ്ങള്‍ കേന്ദ്ര മന്ത്രിസഭയ്ക്ക് അവരുടെ ഉപദേശത്തിനായും അയച്ചുകൊടുക്കാറുണ്ട്. ഇതാണ് നടപടിക്രമം.
വിവാദമായ കാര്‍ഷിക നിയമങ്ങളിലെ വ്യവസ്ഥകള്‍ മറികടന്ന് കൊണ്ട് ബില്ലുകള്‍ പാസാക്കാന്‍ കഴിഞ്ഞ മാസം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പാര്‍ട്ടി ഹൈക്കമാന്‍ഡ് കരട് ബില്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.
content highlights: Rajasthan introduces bills to counter Centre’s farm laws
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..