പ്രതീകാത്മക ചിത്രം
ജയ്പുര്‍: ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഭർത്താവിന് ഭാര്യയുടെ അപേക്ഷ പ്രകാരം പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി. ഗർഭധാരണ അവകാശം ചൂണ്ടിക്കാട്ടി ഭാര്യ സമർപ്പിച്ച പരാതിയിൽ 34-കാരനായ നന്ദലാലിനാണ് ജഡ്ജിമാരായ സന്ദീപ് മെഹ്ത്ത, ഫർജാന്ദ് അലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് 15ദിവസത്തെ പരോൾ അനുവദിച്ചത്.
'നന്ദലാലിന്റെ ഭാര്യ നിരപരാധിയാണ്. ഭര്‍ത്താവ് ജയിലിലായതിന് ശേഷം അവരുടെ വൈകാരികവും ശാരീകവുമായ ആവശ്യങ്ങള്‍ പലതും നിറവേറുന്നില്ല. തടവുകാരന്റെ ഭാര്യയ്ക്ക് പ്രസവിക്കാനും ഗര്‍ഭം ധരിക്കാനുമുള്ള അവകാശം നിഷേധിക്കാനാകില്ല. നന്ദലാലിന്റെ ഭാര്യ ചൂണ്ടിക്കാട്ടിയ വാദങ്ങളോട് എതിര്‍ക്കാന്‍ കോടതിക്ക് കാരണങ്ങളൊന്നുമില്ല.'-ഏപ്രില്‍ അഞ്ചിന് പുറത്തിറക്കിയ ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കുന്നു.
ഭര്‍ത്താവില്‍ നിന്ന് ഒരു കുഞ്ഞിനെ പ്രസവിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ആദ്യം കളക്ടറെയാണ് സമീപിച്ചത്. എന്നാല്‍ ഈ പരാതിയില്‍ തീരുമാനമെടുക്കാതിരുന്നതോടെ യുവതി ഹൈക്കോടതിയെ സമീപിച്ചു.
2019-ല്‍ രാജസ്ഥാനിലെ ഭില്‍വാര കോടതിയാണ് നന്ദലാലിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. നിലവില്‍ അജ്മീര്‍ സെന്‍ട്രല്‍ ജയിലിലാണ് നന്ദലാലിനെ പാര്‍പ്പിച്ചിരിക്കുന്നത്. ശിക്ഷിക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ വിവാഹിതനായത്. 2021-ല്‍ നന്ദലാലിന് 20 ദിവസം പരോള്‍ ലഭിച്ചിരുന്നു. ജയിലില്‍ നന്ദലാലിന്റെ പെരുമാറ്റം മാതൃകാപരമാണെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പരോളില്‍ ഒരു കുഞ്ഞ് ജനിക്കുന്നതിന് വ്യക്തമായ നിയമങ്ങളൊന്നുമില്ലെന്നും എന്നാല്‍ വംശവാലി സംരക്ഷിക്കുന്നതിനായി അടുത്ത തലമുറയുണ്ടാകുന്നത് മതപരവും സാംസ്‌കാരികപരവുമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
Content Highlights: Rajasthan High Court Grants 15-Day Parole To Man To Get Wife Pregnant
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..