-
ജയ്പൂർ: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. നേരത്തെ കോൺഗ്രസിൽ ചേർന്ന ആറ് ബി.എസ്.പി എം.എൽ.എമാർക്കും സ്പീക്കർക്കും നിയമസഭ സെക്രട്ടറിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. എംഎൽഎമാർ കോൺഗ്രസിൽ ചേർന്നത് ചോദ്യം ചെയ്ത് ബി.എസ്.പിയും ബി.ജെ.പി എംഎൽഎ മദൻ ദിലാവറും നൽകിയ ഹർജിയിലാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ നടപടി.
നോട്ടീസിൽ ഓഗസ്റ്റ് 11നകം മറുപടി നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എം.എൽ.എമാരുടെ ലയനത്തെ ചോദ്യം ചെയ്ത ബി.എസ്.പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയ്ക്ക് വേണ്ടി അഭിഭാഷകനായ ദിനേശ് ഗാർഗാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് ബി.ജെ.പി എംഎൽഎ മദൻ ദിലാവർ നേരത്തെ സമർപ്പിച്ച ഹർജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ദിലാവർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
ഓഗസ്റ്റ് 14നാണ് രാജസ്ഥാനിൽ നിയമസഭ സമ്മേളനം ചേരുന്നത്. സച്ചിൻ പൈലറ്റ് ഉൾപ്പെടെ 19 കോൺഗ്രസ് വിമത എം.എൽ.എമാരുടെ വെല്ലുവിളി അതിജീവിച്ച് 200 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ബിഎസ്പി, സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ അശോക് ഗഹ്ലോത്ത് സർക്കാരിന് അനിവാര്യമാണ്. ഇതിനിടയിലാണ് ബിഎസ്പി എംഎൽഎമാർക്കും സ്പീക്കർക്കും ഹൈക്കോടതി നോട്ടീസ് അയച്ചത്.
content highlights:Rajasthan HC issues notice to Speaker, Assembly Secy, BSP MLAs over Cong merger
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..