ജയ്പുര്‍: പെഹ്‌ലുഖാന്‍ കേസ് പുനരന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപവത്കരിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം. കേസിലെ ആറു പ്രതികളേയും വെറുതെവിട്ട വിചാരണ കോടതി വിധി ഞെട്ടലുണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രതികരിച്ചതിന് പിന്നാലെയാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം. 

കേസ് പുനരന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പുനരന്വേഷണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേസിലെ വിധിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഇന്ന് രാവിലെ പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമുണ്ടാകരുത്, ആള്‍ക്കൂട്ട ആക്രമണ വലിയ കുറ്റകൃത്യമാണെന്നും പ്രിയങ്ക  ട്വീറ്റ് ചെയ്തു. 

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പുതിയ നിയമം കൊണ്ടുവന്ന രാജസ്ഥാന്‍ സര്‍ക്കാരിനെ മറ്റൊരു ട്വീറ്റിലൂടെ അഭിനന്ദിച്ച പ്രിയങ്ക പെഹ്‌ലുഖാന്‍ കേസില്‍ നീതി നല്‍കാന്‍ ഈ നിയമത്തിന് സാധിക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. 

കഴിഞ്ഞ ദിവസമാണ് അല്‍വാറിലെ വിചാരണ കോടതി സംശയത്തിന്റെ ആനുകൂല്യത്തില്‍ കേസിലെ ആറു പ്രതികളേയും വെറുതെ വിട്ടത്. സംഭവത്തിന്റെ വീഡിയോ അടക്കം പുറത്തുവന്നിരുന്നെങ്കിലും ഇതിന്റെ ആധികാരികത തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

കോടതി വിധിക്ക് പിന്നാലെ രാജസ്ഥാന്‍ സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും മായാവതി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Content Highlights: Rajasthan government to set up SIT in Pehlu Khan case