ജയ്പുര്‍: രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദോസ്താര ഉടന്‍ സ്ഥാനമൊഴിഞ്ഞേക്കും. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിലാണ്‌ അദ്ദേഹം തന്റെ രാജിയെ പറ്റി സൂചന നല്‍കുന്നത്.

വീഡിയോയില്‍ രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ (ആര്‍.ബി.എസ്.ഇ) ചെയര്‍മാന്‍ ഡി.പി ജരോലിയോട് വേഗം തന്റെ ഓഫീസിലെത്തി ഫയലുകള്‍ സ്വീകരിക്കാന്‍ പറയുന്ന അദ്ദേഹം സ്ഥാനത്ത് അധികനാള്‍ ഉണ്ടാകില്ലെന്നും പറയുന്നു. പിസിസി പ്രസിഡന്റ് സ്ഥാനവും മന്ത്രിസ്ഥാനവും ഒരുമിച്ച് വഹിക്കുന്ന ദോസ്താരയ്ക്ക് മന്ത്രിപദവി ഒഴിയേണ്ടി വരുമെന്ന സൂചനകള്‍ക്കിടയാണ് ഈ ഓഡിയോ പ്രചരിക്കുന്നത്‌

'ഫയലുകള്‍ അധികനാള്‍ ഓഫീസിലുണ്ടാകില്ല, തിങ്കളാഴ്ച ഓഫീസിലെത്തുക, എല്ലാം ഫയലും കൈമാറാം'- ഗോവിന്ദ് സിങ് ദോസ്താര പറഞ്ഞു. മന്ത്രിപദം ഒഴിയുകയാണെങ്കില്‍ സ്ഥാനത്തേക്ക് ആരെത്തും എന്നതും ചര്‍ച്ചാവിഷയമാണ്.

സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കന്‍, ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവര്‍ ഞായറാഴ്ച ജയ്പുരിലെത്തി.  മന്ത്രിസഭാ പുന:സംഘടനയില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും, വിഷയം ഹൈക്കമാന്‍ഡിന് എല്ലാവരും കൈമാറിയതായി മാക്കന്‍ പറഞ്ഞു.

സച്ചിന്‍ പൈലറ്റിനെ അനുകൂലിക്കുന്നവര്‍ക്ക് മന്ത്രിസഭയില്‍ ഇടം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്‌

പ്രതിപക്ഷ പ്രതിഷേധമാണോ ഗോവിന്ദ് സിങ് ദോസ്താര രാജി വെയ്ക്കാനുള്ള തീരുമാനമെടുക്കാനുള്ള കാരണമാണോ എന്നത് വ്യക്തമല്ല. അടുത്തിടെ മന്ത്രിയുടെ രണ്ട് ബന്ധുക്കള്‍ക്ക് രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ ഒരേ മാര്‍ക്ക് ലഭിച്ചിരുന്നു. 

ഇതിനെതിരെ പ്രതിപക്ഷം പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ പരീക്ഷയില്‍ കോപ്പിയടിയോ മറ്റ് സംഭവങ്ങളോ ഉണ്ടായോ എന്നതില്‍ തെളിവില്ല. മന്ത്രിസഭാ വിപുലീകരണം നടക്കാനിരിക്കെയാണ് രാജി വെയ്ക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച ഗോവിന്ദ് സിങ് രംഗത്ത് എത്തിയിരിക്കുന്നത്.

Content Highlights: rajasthan education minister govind singh dostara may resign soon