ന്യൂഡല്‍ഹി: രാജസ്ഥാന്‍ സര്‍ക്കാരില്‍ പ്രതിസന്ധി ഉണ്ടാക്കി ഒരു വിഭാഗം എംഎല്‍എമാരെ ഒപ്പം കൂട്ടി ഡല്‍ഹിക്കുപോയ സച്ചിന്‍ പൈലറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട് തിരിച്ചുവരണമെങ്കില്‍ ഗെഹ്‌ലോത്ത് ക്യാമ്പ് അംഗീകരിക്കേണ്ടത് മൂന്ന് ഉപാധികള്‍. തന്റെ വിശ്വസ്തരായ നാല് എംഎല്‍എമാരുടെ മന്ത്രിപദവി, മന്ത്രിമാര്‍ക്ക് ആഭ്യന്തര -ധനമന്ത്രാലയം ചുമതലകള്‍, പാര്‍ട്ടി അധ്യക്ഷസ്ഥാനം എന്നിവയാണ് ആ മൂന്ന് നിബന്ധനകള്‍.
സച്ചിന്‍ പൈലറ്റിന്റെ നിബന്ധനകളടങ്ങിയ സന്ദേശവുമായി കോണ്‍ഗ്രസ് നേതാവായ രാജീവ് സതാവ് ഉടന്‍ ജയ്പുരിലെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്ത് ക്യാമ്പിലെത്തുമെന്നാണ് വിവരം. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ടിവി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തനിക്കൊപ്പം ചേര്‍ന്ന 12 എംഎല്‍എമാര്‍ക്കൊപ്പം ഡല്‍ഹിയിലാണ് സച്ചിന്‍ പൈലറ്റ് ഉള്ളത്. 30 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് സച്ചിന്‍ അവകാശപ്പെടുന്നത്. അതേസമയം സര്‍ക്കാര്‍ പ്രതിസന്ധിയിലാവുന്ന പശ്ചാത്തലത്തില്‍ സച്ചിന്‍ പൈലറ്റിന്റെ നിബന്ധനകള്‍ ഗെഹ്‌ലോത്ത് ക്യാമ്പ് അംഗീകരിക്കാന്‍ തയ്യാറായേക്കുമെന്നും സൂചനകളുണ്ട്.
വിമത നേതാക്കള്‍ പുറത്തേക്ക് പോയ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവായ രഘുവീര്‍ മീണയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കിയേക്കുമെന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പൈലറ്റ് ഈ നിബന്ധനകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. അധ്യക്ഷ സ്ഥാനം പൈലറ്റില്‍ നിന്ന് എടുത്ത്ത് മാറ്റണമെന്നാണ് ഗെഹ്‌ലോത്തിന്റെ ആവശ്യം
പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ അകത്ത് തന്നെ ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കണമെന്നും നേതാക്കളുടെ വ്യക്തിപരമായ ആഗ്രഹങ്ങളിലൂടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും നേരത്തെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞിരുന്നു. രാജസ്ഥാനിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇരുവരുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..