ജഗൻ ഗുർജാർ | Photo: Video Screengrab
ജയ്പുർ: എംഎൽഎയ്ക്കെതിരേ വധഭീഷണി മുഴക്കുന്ന വീഡിയോയുമായി രംഗത്തെത്തിയ കൊടും ക്രിമിനലിന് വേണ്ടി വല വിരിച്ച് രാജസ്ഥാൻ പോലീസ്. ജഗൻ ഗുർജാർ എന്നയാളാണ് ബാരി എംഎൽഎ ഗിരിരാജ് സിങ് മലിംഗയ്ക്കെതിരേ ഭീഷണി വീഡിയോയുമായി രംഗത്തെത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ ഇയാളെ പിടികൂടാൻ വേണ്ടി ധോൽപൂരിലെ ഡാങ് പ്രദേശിൽ സ്പെഷ്യൽ സംഘത്തെ നിയോഗിച്ചു.
കൊലപാതകം, കൊള്ള, തട്ടിക്കൊണ്ട് പോകൽ, പിടിച്ചുപറി തുടങ്ങിയ 120ഓളം കേസുകളാണ് ജഗൻ ഗുർജാറിന്റെ പേരിലുള്ളത്. ഇയാൾ എംഎൽഎയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സ്പെഷ്യൽ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചത്.
ജനുവരിയിലാണ് പ്രശ്നം ആരംഭിക്കുന്നത്. ധോൽപുരിലെ ചില കടയുടമകളുമായി ഗുർജാർ വഴക്കിട്ടിരുന്നു. തുടർന്ന് ഇവരെ ഭയപ്പെടുത്താൻ വേണ്ടി ഇയാൾ ആകാശത്തേക്ക് വെടിയുതിർത്തതായി പ്രദേശവാസികൾ പറയുന്നു. സംഭവത്തിന് പിന്നാലെ വ്യാപാരികൾ എംഎൽഎയ്ക്കും പോലീസിനും പരാതി നൽകി. ഇതോടെ പോലീസ് തന്നെ പിന്തുടരരുതെന്ന് ചൂണ്ടിക്കാട്ടി ഗുർജാർ എംഎൽഎയ്ക്കെതിരെ ഭീഷണിയുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തുകയായിരുന്നു. എംഎൽഎ തന്നോട് ഒരാളെ കൊല്ലാൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ താൻ അത് ചെയ്തില്ല എന്നും ഗുർജാർ മറ്റൊരു വീഡിയോയിൽ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണം എംഎൽഎ നിഷേധിച്ചു. ധൈര്യമുണ്ടെങ്കിൽ സുരക്ഷാ ജീവനക്കാരില്ലാതെ തന്റെ മുന്നിൽ വന്ന് നിൽക്കൂ എന്നും ഇയാൾ വീഡിയോയിൽ വെല്ലുവിളിച്ചു.
ഗുർജൻ ഒരു പ്രാദേശിക ഗുണ്ടയാണ്. അയാൾ നിരന്തരം ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നു. ഇത് ഞാൻ അംഗീകരിക്കില്ല. ഗുർജാർ എന്റെ നേർക്ക് വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെങ്കിൽ എന്റെ തോക്ക് ഒരു വാട്ടർ പിസ്റ്റൾ ആയിരിക്കില്ല. എംഎൽഎ മലിംഗ പറഞ്ഞു.
രാജസ്താൻ പോലീസ് ജഗൻ ഗുർജാറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്.
Content Highlights: Rajasthan Congress MLA vs Wanted Dacoit
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..