ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് പിന്നാലെ കോവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ. ഇത് ബിജെപി വാക്സിനാണെന്നും ബിജെപി കോവിഡ് വാക്സിൻ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും തോങ്ക് ജില്ലയിലെ നിവായ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ പ്രശാന്ത് ബയിർവ പറഞ്ഞു.

സ്വദേശി ഉൽപന്നങ്ങളെക്കുറിച്ച് സംസാരിക്കുന്ന മോദി കോവിഡ് വൈറസിന് സ്വദേശി വാക്സിൻ വരുന്നതിനെ എന്തുകൊണ്ടാണ് പ്രോത്സാഹിപ്പിക്കാത്തതെന്നും ഇന്ത്യ ടുഡേ ടിവിയോട് പ്രതികരിക്കവെ പ്രശാന്ത് ബയിർവ ചോദിച്ചു.

കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയാനുള്ള സമയമാണിത്. കാരണം കോവിഡ് നിയന്ത്രണങ്ങൾ കാരണം ഹോട്ടൽ, ടൂറിസം മേഖലകളിൽ ജോലി ചെയ്യുന്ന ജനങ്ങൾ ഉൾപ്പെടെ വളരെയേറെ കഷ്ടതകൾ അനുഭവിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബിജെപി നൽകുന്ന വാക്സിനെ വിശ്വസിക്കാനാവില്ലെന്നും അതിനാൽ വാക്സിൻ സ്വീകരിക്കാൻ തയ്യാറല്ലെന്നുമാണ് നേരത്തെ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും വ്യക്തമാക്കിയിരുന്നത്. അതേസമയം പ്രസ്താവന വിവാദമായതോടെ ശാസ്ത്രജ്ഞരെ പൂർണ വിശ്വാസമുണ്ടെങ്കിലും ബിജെപിയുടെ അശാസ്ത്രീയ 'ടാലി, താലി, വാലി' ചിന്തകളിൽ വിശ്വാസമില്ലെന്നും അഖിലേഷ് പ്രതികരിച്ചിരുന്നു.

content highlights:Rajasthan Congress MLA refuses to take coronavirus vaccine