ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാനിലെ വിമതർ ഒരു നിബന്ധന അംഗീകരിച്ചാൽ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ്. വിമതര്‍ ഹരിയാണയിലെ മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാരിന്റെ ആതിഥ്യം അവസാനിപ്പിക്കണമെന്ന് മാത്രമാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്ന നിബന്ധന എന്ന് കോണ്‍ഗ്രസ് വക്താവ് രന്ദീപ് സിങ് സുര്‍ജെവാല പറഞ്ഞു.
'വിമത രാജസ്ഥാന്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്താനുള്ള ഏക നിബന്ധന ബിജെപിയുടെ സംരക്ഷണം വിട്ടുവരിക എന്നത് മാത്രമാണ്'-സുര്‍ജെവാല വ്യക്തമാക്കി.
'നിരപരാധികളായ കുട്ടികള്‍ കൊല്ലപ്പെടുന്നു. കൂട്ടബലാത്സംഗങ്ങള്‍ നടക്കുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നു. അവിടെയൊന്നും പോലീസിന്റെ ഒരിടപെടലും സുരക്ഷയുമില്ല. എന്നാല്‍ നിരാശരായ 19 എംഎല്‍എമാരുടെ സുരക്ഷയ്ക്കായി 1000 പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. എംഎല്‍എമാര്‍ ആദ്യം ഹരിയാണ പോലീസിന്റെ സുരക്ഷയും ബിജെപിയുടെ സൗഹൃദവും ആതിഥ്യവും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങണം. അതിനുശേഷം മാത്രമേ ചര്‍ച്ച നടക്കൂ' പാര്‍ട്ടി നിലപാട് ആവര്‍ത്തിച്ച് സുര്‍ജെ വാല പറഞ്ഞു.
മുന്‍ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനോടും അനുഭാവികളായ മറ്റു നിയമസഭാ അംഗങ്ങളോടും ഹൈക്കമാന്‍ഡ് ക്ഷമിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതും അറിയിച്ചിരുന്നു. ഈ മാസം 14-ന് നിയമസഭാ സമ്മേളനം ചേരാനിക്കെയാണ് ഗെഹ് ലോതിന്റെ പ്രതികരണം.