സച്ചിൻ പൈലറ്റും അശോക് ഗഹലോത്തും ചർച്ചകൾക്കായി ഖാർഗെയുടെ വീട്ടിലെത്തിയപ്പോൾ |ഫോട്ടോ:ANI
ന്യൂഡല്‍ഹി: വര്‍ഷാവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടിയിലെ മഞ്ഞുരുക്കാന്‍ തീവ്രശ്രമവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്തിനേയും അദ്ദേഹവുമായി ഉടക്കിനില്‍ക്കുന്ന മുന്‍ പി.സി.സി. അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനേയും എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ വീട്ടില്‍ വിളിച്ചുവരുത്തി. തിങ്കളാഴ്ച വൈകീട്ടോടെ ആരംഭിച്ച ചര്‍ച്ച ഇപ്പോഴും തുടരുകയാണ്.
ആദ്യം ഗഹലോത്തായിരുന്നു ഖാര്‍ഗെയുടെ വസയിലെത്തിയത്. തുടര്‍ന്ന് രാഹുല്‍ഗാന്ധി ഇവിടേക്ക് എത്തി. സച്ചിന്‍ പൈലറ്റുമായി ഇന്ന് ചര്‍ച്ച നടത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, രണ്ടുമണിക്കൂറിന് ശേഷം സച്ചിന്‍ പൈലറ്റും ഖാര്‍ഗെയുടെ വസതിയിലെത്തി. എ.ഐ.സി.സി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, രാജസ്ഥാന്റെ ചുമതലയുള്ള സുഖ്‌വിന്ദര്‍ സിങ് രണ്‍ധാവ, രാജസ്ഥാനില്‍ നിന്നുള്ള ജിതേന്ദ്ര സിങ് എന്നിവരും കൂടിക്കാഴ്ചയിലുണ്ടായിരുന്നു. ഗഹലോത്തിനേയും പൈലറ്റിനേയും വെവ്വേറെ ഇരുത്തിയ ശേഷമാണ് ആദ്യ ഘട്ട ചര്‍ച്ചകള്‍. തുടര്‍ന്ന് ഇരുവരേയും ഒരുമിച്ചിരുത്തിയുള്ള ചര്‍ച്ചകള്‍ക്ക് നടത്താനാണ് ഖാര്‍ഗെയുടേയും രാഹുലിന്റേയും ശ്രമം.
ഗഹലോത്തും പൈലറ്റും തമ്മില്‍ പരസ്യപോര് വീണ്ടും ആരംഭിച്ചതിന് പിന്നാലെ ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ചുള്ള യോഗങ്ങളില്‍ പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പായി ഇരുവരേയും ഒന്നിപ്പിക്കുക എന്ന വലിയ കടമ്പയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നിലുള്ളത്. കര്‍ണാടകയില്‍ സിദ്ധരാമയ്യയ്ക്കും ഡി.കെ. ശിവകുമാറിനുമിടയില്‍ സാധ്യമായ സഹകരണം രാജസ്ഥാനിലും പ്രാവര്‍ത്തികമാക്കാനാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്.
മേയ് മാസാവസാനത്തോടെ തന്റെ ആവശ്യങ്ങളിലൊരു തീര്‍പ്പുണ്ടായില്ലെങ്കില്‍ പരസ്യ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സച്ചിന്‍ പൈലറ്റ് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് തിങ്കളാഴ്ച രാത്രി വൈകിയും കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വീട്ടില്‍ നടക്കുന്ന ചര്‍ച്ചകള്‍. വസുന്ധര രാജെ സര്‍ക്കാറിന്റെ കാലത്തെ അഴിമതികളില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സച്ചിന്‍ പൈലറ്റ് ഒടുവില്‍ ഗഹലോത്തിനെതിരെ രംഗത്തെത്തിയത്. ഏകദിന ഉപവാസം നടത്തിയ പൈലറ്റ് പിന്നീട് ജന്‍ സംഘര്‍ഷ യാത്രയും നടത്തിയിരുന്നു.
രാജസ്ഥാന് പുറമേ, മധ്യപ്രദേശിലും ഛത്തീസ്ഗഢിലും വര്‍ഷാവസാനം തിരഞ്ഞെടുപ്പ് നടക്കും. ഇവിടങ്ങളിലും സംഘടനയെ തിരഞ്ഞെടുപ്പിന് ഒരുക്കാനുള്ള നടപടികളിലാണ് കോണ്‍ഗ്രസ്. ഇന്ന് മധ്യപ്രദേശില്‍ നിന്നുള്ള നേതാക്കളുമായും ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. ദിഗ്‌വിജയ് സിങ്, കമല്‍നാഥ് എന്നിവരടക്കമുള്ളവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടുമെന്ന് രാഹുല്‍ഗാന്ധി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. കര്‍ണാടയില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് തന്ത്രങ്ങളൊരുക്കിയ എ.ഐ.സി.സി. തിരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സ് അംഗമായ സുനില്‍ കനുഗോലുവും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
Content Highlights: rajasthan congress crisis ashok gehlot sachin pilot meets at mallikarjun kharge residence
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..