ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്ലിനെതിരെ രൂക്ഷ വിമര്‍ശവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. ബില്ലിലൂടെ ജനാധിപത്യത്തെ കേന്ദ്ര സര്‍ക്കാര്‍ കശാപ്പുചെയ്‌തെന്ന് ആരോപിച്ച ഗെഹ്‌ലോത് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ഡല്‍ഹിയിലെ ഭരണത്തലവന്മാര്‍ എന്നകാര്യം സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയതാണ്. ഫാസിസ്റ്റ് രീതിയില്‍ രാജ്യത്തെ നയിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചിലപ്പോള്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിക്കുന്നു, അല്ലെങ്കില്‍ കുതിരക്കച്ചവടം നടത്തുന്നു. രണ്ടിലും പരാജയപ്പെടുമ്പോള്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഇത്തരത്തിലുള്ള ഏകാധിപത്യ ബില്ലുകള്‍ പാസാക്കുന്നു. ഇങ്ങനെയൊക്കെയാണ് മോദി സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നത്- ഗെഹ്‌ലോത് ആരോപിച്ചു.

ഭാവിയില്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ ബി.ജെ.പി ഇത്തരത്തിലുള്ള നിയമങ്ങള്‍ കൊണ്ടുവന്ന് അധികാരത്തില്‍ വരുന്ന സര്‍ക്കാറുകളെ ഇല്ലാതാക്കുമെന്നും  ഗെഹ്‌ലോത് ആരോപിച്ചു.

ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഭരണത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്‍. ഇത് സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അധികാരങ്ങളെ പരിമിതപ്പെടുത്തും. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെയാണ് ബില്‍ രാജ്യസഭയില്‍ പാസായത്. ബില്ലിനെതിരെ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടങ്ങള്‍ തുടരുമെന്ന് എ.എ.പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Content Highlights: Rajasthan CM Gehlot calls GNCTD Bill ‘murder of democracy’, move to target AAP