അശോക് ഗഹ്ലോത് | Photo: PTI
ജയ്പുർ: രാജസ്ഥാനിൽ നിയമസഭയിൽ ബജറ്റ് മാറി വായിച്ച് മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്. 2023-24 കാലത്തെ ബജറ്റിന് പകരം ഗഹ്‌ലോത് അബദ്ധത്തിൽ 2022-23 കാലത്തെ ബജറ്റ് വായിക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ ചീഫ് വിപ്പ് ഇടപെട്ട് ബജറ്റ് അവതരണം തടഞ്ഞു.
ബജറ്റ് ചോർന്നെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചു. ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സഭയുടെ നടുത്തളത്തിലിരുന്ന് പ്രതിഷേധിച്ചു. സ്പീക്കർ സി.പി. ജോഷി ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ സഭ നിർത്തിവെക്കുകയായിരുന്നു.
അതേസമയം, ബജറ്റ് മാറി വായിച്ച സംഭവം അശോക് ഗഹ്‌ലോത് നിഷേധിച്ചു. ബജറ്റ് ചോർന്നിട്ടില്ലെന്നും കഴിഞ്ഞ വർഷത്തെ ബജറ്റിലുള്ള ഒരു പേജ് റഫറൻസിന് വേണ്ടി പുതിയ ബജറ്റിനൊപ്പം വെച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബജറ്റ് രാജസ്ഥാന്റെ വികസനത്തിന് എതിരാണെന്ന് കാണിക്കാൻ ബി.ജെ.പി. ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് പരിശോധിക്കാതെ, വായിക്കാതെയാണ് മുഖ്യമന്ത്രി അവതരണത്തിന് എത്തിയതെന്ന് ബി.ജെ.പി. നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ പറഞ്ഞു.
'എട്ട് മിനിറ്റോളമാണ് ഒരു മുഖ്യമന്ത്രി പഴയ ബജറ്റ് വായിച്ചത്. ഇത് ചരിത്രമാണ്. ഞാനും ഒരു മുഖ്യമന്ത്രിയായിരുന്നു. ഞാൻ രണ്ടോ മൂന്നോ തവണ ബജറ്റ് വായിക്കുമായിരുന്നു. എല്ലാം പരിശോധിക്കുമായിരുന്നു. ഇത്തരത്തിലുള്ള രേഖകൾ പരിശോധിക്കാതെയും വായിക്കാതെയും സഭയിലേക്ക് കൊണ്ടുവന്ന്, പഴയ ബജറ്റ് അവതരിപ്പിക്കുന്നതില്‍നിന്ന് ഈ സംസ്ഥാനം എത്രത്തോളം ഈ മുഖ്യമന്ത്രിയുടെ കൈകളിൽ സുരക്ഷിതമാണെന്ന് നിങ്ങൾക്ക് മനസിലാക്കാം', വസുന്ധര രാജെ പറഞ്ഞു.
Content Highlights: Rajasthan Budget Gehlot reads old budget Oppn claims leak
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..