ജയ്പുര്‍: പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ച് മരിച്ചു. രാജസ്ഥന്‍ ഭീകരവിരുദ്ധ സ്‌ക്വാഡിലെ എ.എസ്.പിയായ ആഷിഷ് പ്രഭാകര്‍ (42) ആണ് പൂനം ശർമ (30) എന്ന യുവതിയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്.

കൊല്ലപ്പെട്ട യുവതി പ്രഭാകറിനെ നിരന്തരം വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നതായി പറയുന്നു. തന്റെ അവിഹിത ബന്ധത്തിന് ഭാര്യയോട് മാപ്പ് അപേക്ഷിക്കുന്ന രണ്ടു പേജുള്ള ആത്മഹത്യാ കുറിപ്പും പ്രഭാകറില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. 

ജഗത്പുരയിലെ ബോംബെ ആശുപത്രിക്ക് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കാറില്‍ നിന്ന് കണ്ടെടുത്ത  മൊബൈല്‍ ഫോണ്‍ വഴിയാണ് ഇവരെ തിരിച്ചറിയാനായത്. സംഭവ ദിവസം വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങിയ പ്രഭാകര്‍ യുവതിക്കൊപ്പം ഉണ്ടായിരുന്നതായി പറയുന്നു. ആത്മഹത്യ ചെയ്യുന്നതിന് അല്‍പസമയം മുമ്പ് പ്രഭാകര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ബോംബെ ആശുപത്രിക്ക് സമീപം ഒരു എസ്.യു.വി കാര്‍ സംശയകരമായ സാഹചര്യത്തില്‍ ഉണ്ടെന്ന് സഹപ്രവര്‍ത്തകര്‍ക്ക് വിവരം കൈമാറുകയും ചെയ്തിരുന്നു.

Ashish Prabhakar
 ആഷിഷ് പ്രഭാകര്‍

സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് പ്രഭാകര്‍ വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവര്‍ക്കും തലക്കാണ് വെടിയേറ്റത്. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച മറ്റു ചില വ്യക്തികളുടെ മൊബൈല്‍ നമ്പറുകളും ഫെയ്സ്ബുക്ക് പ്രൊഫൈലുകളും പ്രഭാകറിന്റെ ആത്മഹത്യാകുറിപ്പില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജയ്പുര്‍ പോലീസ് കമ്മീഷണര്‍ സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു.