ജയ്പുർ: ബാല വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അനുമതി നൽകി രാജസ്ഥാൻ. ഇനിമുതൽ ബാല വിവാഹങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് എല്ലാ വിവാഹങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ഇതുസംബന്ധിച്ച നിയമ ഭേദഗതി നിയമസഭ പാസാക്കി. വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ വിവരങ്ങൾ നൽകണമന്നാണ് നിയമത്തിൽ പറയുന്നത്.

എന്നാൽ ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുമ്പ് ജില്ലാ തലത്തിൽ ഡിഎംആർഒ വഴി മാത്രമായിരുന്നു വിവാഹം രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഇനി ബ്ലോക്ക് തലത്തിലും ഓഫീസർമാർ ഉണ്ടാകും.

വിവാഹ സമയത്ത് പെൺകുട്ടിക്ക് 18 വയസിന് താഴെയും ആൺകുട്ടിക്ക് 21 വയസിന് താഴെയുമാണെങ്കിൽ പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കണം. വിവാഹ രജിസ്ട്രേഷന് അപേക്ഷിച്ച് 30 ദിവസത്തിനുള്ളിൽ ഈ വിവരം അറിയിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും രജിസ്ട്രേഷൻ നടപടികളെന്നും നിയമത്തിൽ പറയുന്നു. 

ബാല വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്‍കുന്നതാണ് നിയമ ഭേദഗതിയെന്ന് ബിജെപി ആരോപിച്ചു. 'ഈ നിയമം ജനവിരുദ്ധമാണ്, ബാലവിവാഹത്തെ ന്യായീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനാണ് ആളുകൾ ശ്രമിക്കുന്നത്. വിവാഹം കഴിപ്പിക്കാൻ അല്ല. എന്നാൽ ഇത്തരത്തിൽ ബാലവിവാഹത്തെ ന്യായീകരിച്ചാൽ ഇതൊരു തെറ്റായ സന്ദേശം നല്‍കും' - സ്വതന്ത്ര എംഎൽഎ സന്യം ലോധ പറഞ്ഞു. 

Content Highlights: Rajasthan Assembly amends marriage registration law