ജയ്പുര്‍: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടന്ന് രാജസ്ഥാനും. നഗരപ്രദേശങ്ങളില്‍ വെകീട്ട് ആറ് മുതല്‍ രാവിലെ ആറു വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കടകളും വാണിജ്യ സ്ഥാപനങ്ങളും വൈകീട്ട് അഞ്ചിന് തന്നെ അടച്ചുപൂട്ടും. വെള്ളിയാഴ്ച മുതല്‍ കര്‍ഫ്യൂ പ്രബാല്യത്തില്‍ വരും. ഈ മാസം അവസാനം വരെ നിയന്ത്രണം തുടരും.

നേരത്തെ ചില നഗരങ്ങളില്‍ രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. 

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിങ് സെന്ററുകളും പൂര്‍ണ്ണമായും അടച്ചിടും. പൊതുപരിപാടികളും കായിക പരിപാടികളും അനുവദിക്കില്ല. വിവാഹത്തിന് പരമാവധി പങ്കെടുപ്പിക്കാവുന്ന അതിഥികളുടെ എണ്ണം 50 ആണ്. എന്നിവയാണ് മറ്റു നിയന്ത്രണങ്ങള്‍.

രാജസ്ഥാനില്‍ വ്യാഴാഴ്ച 6000 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മാസം രാജസ്ഥാനില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനമായിരുന്നത് ഇപ്പോള്‍ എട്ട് ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.