-
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് ഒരു വിഭാഗം എംഎല്‍എമാരുമായി ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് തെറ്റിപ്പിരിഞ്ഞ സാഹചര്യത്തില്‍ ശക്തിപ്രകടനവുമായി മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത്. തനിക്കൊപ്പമുള്ള 102 എം.എല്‍.എമാരുമായി അദ്ദേഹം യോഗം ചേര്‍ന്നു. യോഗത്തിനു ശേഷം കോണ്‍ഗ്രസ് എംഎല്‍എമാരെ മുഖ്യമന്ത്രിയുടെ വസതിയില്‍നിന്ന് ഹോട്ടലിലേയ്ക്ക് മാറ്റി. ജയ്പുരിലെ ഫെയര്‍മൗണ്ട് ഹോട്ടലിലേക്കാണ് എംഎല്‍എമാരെ മാറ്റിയത്.
അശോക് ഗഹ്‌ലോത്തിനെ പിന്തുണച്ചുകൊണ്ട് യോഗം പ്രമേയം പാസ്സാക്കി. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമം രാജസ്ഥാനിലെ എട്ടു കോടി ജനങ്ങളെ അപമാനിക്കലാണെന്നും അത് അവര്‍ അംഗീകരിക്കില്ലെന്നും പ്രമേയത്തില്‍ പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലും നേതാക്കളായ സോണിയാഗാന്ധിയിലും രാഹുല്‍ ഗാന്ധിയിലുമുള്ള വിശ്വാസം പ്രകടിപ്പിക്കുകയും സര്‍ക്കാരിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.
തിങ്കളാഴ്ച രാവിലെയോടെയാണ് ഗഹ്‌ലോത്ത് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം വിളിച്ചുകൂട്ടിയത്. എന്നാല്‍ സച്ചിന്‍ പൈലറ്റ് യോഗത്തില്‍ പങ്കെടുത്തില്ല. 30 എം.എല്‍.എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെട്ടിരുന്നതെങ്കിലും പത്തില്‍ താഴെ പേര്‍ മാത്രമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ജയ്പുരിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തില്‍ ആകെയുള്ള 107 എം.എല്‍.എമാരില്‍ 102 പേരും എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ എത്തിച്ചേരാതിരുന്ന അംഗങ്ങളില്‍ രണ്ട് മന്ത്രിമാരും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. 200 അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ 101 പേരാണ് മന്ത്രിസഭ നിലനിര്‍ത്താന്‍ ആവശ്യമുള്ളത്.
സച്ചിന്‍ പൈലറ്റുമായി ചര്‍ച്ച നടത്താനും പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരിച്ചുവരവിന് വഴിയൊരുക്കാനും തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയുംചെയ്തിട്ടുണ്ട്. സച്ചിന്‍ പൈലറ്റിനും മറ്റ് എംഎല്‍മാര്‍ക്കുമായി കോണ്‍ഗ്രസിന്റെ വാതില്‍ തുറന്നുകിടക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എഐസിസി ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ, അജയ് മാക്കന്‍ എന്നവരും ജയ്പുരില്‍ എത്തിയിരുന്നു.
ഇതിനിടെ, ബി.ജെ.പി. അധ്യക്ഷന്‍ ജെ. പി. നഡ്ഡയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടയില്‍, താന്‍ ബി.ജെ.പിയില്‍ ചേരുന്നില്ലെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് സച്ചിന്റെ തീരുമാനമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേരെന്നും സി.എല്‍.പി. യോഗത്തിന് ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.
നഡ്ഡയുമായി തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ബി.ജെ.പിയിലേക്ക് പോകുന്നതുള്‍പ്പടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നേ നേരത്തേ സൂചനകള്‍ ഉണ്ടായിരുന്നു. ഗഹ്ലോതുമായി അനുരഞ്ജനത്തിന് സച്ചിന്‍ സാധ്യത കാണുന്നില്ലെന്ന് ഒരു ബി.ജെ.പി. നേതാവും പ്രസ്താവിച്ചിരുന്നു.
ബി.ജെ.പിയിലേക്ക് പോകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ പൈലറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിസ്ഥാനം നല്‍കുകയാണെങ്കില്‍ പോകാന്‍ തയ്യാറായേക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തിനുപകരം കേന്ദ്രമന്ത്രിസ്ഥാനം ബി.ജെ.പി. ഓഫര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlights: Rajasthan 102 MLAs Turn Up for Gehlot Show of Strength, Sachin Pilot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..