ജയ്പുര്‍: രാജസ്ഥാനില്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനെട്ടുകാരിയെ അധ്യാപകനും സ്‌കൂള്‍ ഡയറക്ടറും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി. രാജസ്ഥാനിലെ സികാര്‍ ജില്ലയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ഡയറക്ടര്‍ ജഗദീഷ് യാദവ്, അധ്യാപകന്‍ ജഗത് സിങ് ഗുര്‍ജാര്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്.

സ്പെഷ്യല്‍ ക്സാസുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സ്‌കൂളില്‍ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ ബന്ധു നല്‍കിയ പരാതിയില്‍ പറയുന്നു. വയറുവേദനയെത്തുടര്‍ന്ന് ആസ്?പത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്നറിയുന്നത്. തുടര്‍ന്ന് ഷാപുരയിലെ ആസ്പത്രിയില്‍വെച്ച് കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി. ഈ സമയത്ത് രണ്ടു പ്രതികളും ആസ്?പത്രിയിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഗര്‍ഭച്ഛിദ്രം നടത്തുകയാണെന്നത് മനസ്സിലായിരുന്നില്ലെന്നും വെറും ശസ്ത്രക്രിയയാണ് നടത്തുന്നതെന്ന് പ്രതികള്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

ഗര്‍ഭച്ഛിദ്രത്തെത്തുടര്‍ന്ന് ആരോഗ്യനില വഷളായ കുട്ടി ജയ്പുരിലെ ആസ്?പത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൂട്ടബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്.