രാജ് താക്കറെ. Photo Courtesy: PTI
മുംബൈ: പാര്‍ട്ടിക്ക് പുതിയ കാവിക്കൊടി. കൊടി പുറത്തിറക്കുന്ന വേദിയില്‍ സവര്‍ക്കറുടെ ചിത്രം. ഹിന്ദുത്വവാദത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി മഹാരാഷ്ട്രയില്‍ പുതിയ ഇന്നിങ്‌സ് ലക്ഷ്യമാക്കുകയാണ് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്.). വ്യാഴാഴ്ച ഗോരേഗാവിലെ നെസ്‌കോ സെന്ററില്‍ നടന്ന 'മഹാ അധിവേശന്‍' എന്ന പരിപാടിയിലാണ് പാര്‍ട്ടി അധ്യക്ഷന്‍ രാജ് താക്കറെ എം.എന്‍.എസിന്റെ പുതിയ കൊടി പുറത്തിറക്കിയത്.

കാവിനിറത്തിലുള്ള കൊടിയില്‍ ഛത്രപതി ശിവജിയുടെ രാജമുദ്രയും പാര്‍ട്ടിയുടെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. നീല, കുങ്കുമം, പച്ച നിറങ്ങളായിരുന്നു എം.എന്‍.എസിന്റെ പഴയ കൊടിയിലുണ്ടായിരുന്നത്. എം.എന്‍.എസ്. കൂടുതല്‍ ഹിന്ദുത്വവാദത്തിലേക്ക് അടുക്കുന്നുവെന്ന വ്യക്തമായ സൂചനകള്‍ നല്‍കുന്നതാണ് പുതിയ നീക്കം. 14വര്‍ഷം മുമ്പാണ് ശിവസേനയില്‍നിന്ന് പുറത്തെത്തി രാജ് താക്കറെ എം.എന്‍.എസ്. സ്ഥാപിക്കുന്നത്.

കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ എം.എന്‍.എസിന്റെ പ്രകടനം ദയനീയമായിരുന്നു. നിയമസഭയില്‍ എം.എന്‍.എസിനുള്ളത് ഒരു പ്രതിനിധി മാത്രമാണ്. ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ (ബി.എം.സി) ഒരേയൊരു അംഗവും. സംസ്ഥാന രാഷ്ട്രീയത്തില്‍നിന്ന് അപ്രസക്തമാകുന്നതിന് മുമ്പേ, കരുത്താര്‍ജിക്കുകയെന്ന അനിവാര്യതയാണ് രാജ് താക്കറെയ്ക്കും എം.എന്‍.എസിനും മുമ്പിലുള്ളത്.

വേദിയില്‍ സവര്‍ക്കറുടെ ചിത്രം ഇടംപിടിച്ചതും ശ്രദ്ധേയമാണ്. കാരണം എം.എന്‍.എസിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് സവര്‍ക്കറുടെ ചിത്രം വേദിയില്‍ ഇടംപിടിക്കുന്നത്. തന്റെ ആചാര്യനും ശിവസേനാ സ്ഥാപകനുമായിരുന്ന ബാല്‍ താക്കറെയെ അനുസ്മരിച്ചുകൊണ്ടായിരുന്നു രാജ് പരിപാടി ഉദ്ഘാടനം ചെയ്തത്. ബാല്‍ താക്കറെയുടെ ജന്മദിനമായ ജനുവരി 23നാണ് പാര്‍ട്ടിക്ക് പുതിയകൊടി അവതരിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.

രാജ് താക്കറെയുടെ മകന്‍ അമിത് രാജ് താക്കറെയുടെ രാഷ്ട്രീയപ്രവേശനത്തിനും ചടങ്ങ് വേദിയായി. മൂന്ന് സെഷനുകളായാണ് മഹാ അധിനിവേശന്‍ നടക്കുന്നത്. ബാല്‍ താക്കറേയ്ക്ക് ആദരമര്‍പ്പിച്ച് തുടങ്ങിയ രാജ് താക്കറെ, സവര്‍ക്കറുടെയും അംബേദ്കറുടെയും ഛത്രപതി ശിവജിയുടെയും ചിത്രങ്ങളില്‍ ഹാരാര്‍പ്പണവും നടത്തി.
content highlights: mns unveils new flag
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..