രാജ് കുന്ദ്ര | Photo: AFP
മുംബൈ: നീലച്ചിത്രം നിര്മ്മിച്ചക്കേസില് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്ര കഴിഞ്ഞ ഒന്നരവര്‍ഷം കൊണ്ട് സമ്പാദിച്ചത് കോടിക്കണക്കിന് രൂപയെന്ന് അന്വേഷണസംഘം. ഇക്കാലയളവില്‍ മാത്രം നൂറിലധികം നീലച്ചിത്രങ്ങളാണ് നിര്‍മിച്ചത്. 'കുന്ദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ല, ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കുന്നില്ല, തെളിവ് സഹിതം ചോദ്യങ്ങള്‍ ചോദിച്ചിട്ടും കുറ്റങ്ങള്‍ നിഷേധിക്കുകയാണ് പ്രതിയെന്നും' മുബൈ പോലീസ് ക്രൈം ബ്രാഞ്ച് പറഞ്ഞു. അതോടൊപ്പം തന്നെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനായി നടീ നടന്മാരെ നിര്‍ബന്ധിച്ചാണ് കരാര്‍ ഒപ്പിടീപ്പിച്ചിരുന്നതും. സ്വന്തം ഇഷ്ടപ്രകാരമാണ് അഭിനയിക്കുന്നതെന്നും ഒരു സമ്മര്ദ്ദവുമില്ലെന്നുമാണ് കരാറില്‍ പ്രധാനമായി പറഞ്ഞിരിക്കുന്നത്.
ഒന്നര വര്‍ഷം കൊണ്ട് സമ്പാദിച്ചത് കോടികള്‍
2019 മുതലാണ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മാണത്തിലേക്ക് തിരിഞ്ഞത്. ഒന്നര വര്‍ഷം കൊണ്ട് കോടികളാണ് ഈ ബിസിനസിലൂടെ സമ്പാദിച്ചത്. അന്ധേരിയിലുള്ള രാജ് കുന്ദ്രയുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ നിന്ന് ഇത് സംബന്ധിക്കുന്ന ഡാറ്റയും കണ്ടെടുത്തു. ടി.ബി (ടെറാബൈറ്റ്) കണക്കിന് ഡാറ്റയാണ് കണ്ടെടുത്തത്. സമാനമായി നിരവധി ഡാറ്റ നശിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഡാറ്റ സേവ് ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്ന സെര്‍വറും ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
യുവാക്കളെ കരാര്‍ ഒപ്പിടീപ്പിക്കുന്നത് ഭീഷണിപ്പെടുത്തി
നീലച്ചിത്രങ്ങളില്‍ അഭിനയിപ്പിക്കുന്നതിനായി അഭിനയമോഹികളായി എത്തുന്നവരെ കബളിപ്പിച്ചാണ് കരാര്‍ ഒപ്പിടീപ്പിച്ചിരുന്നത്. വെബ് സീരീസിലേക്കുള്ള ദൃശ്യങ്ങള്‍ എന്നാണ് അഭിനേതാക്കളോട് പറഞ്ഞിരുന്നത്. ചുംബന രംഗങ്ങളും അര്‍ധനഗ്ന ദൃശ്യങ്ങളും അഭിനയിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്, പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്നും ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല.. എന്നിങ്ങനെയാണ് കരാറില്‍ പറയുന്നത്. അഭിനേതാക്കളെ ഭയപ്പെടുത്തിയും ബ്ലാക്മെയില്‍ ചെയ്തുമാണ് അശ്ലീല ദൃശ്യങ്ങളില്‍ അഭിനയിപ്പിച്ചിരുന്നതെന്നുമാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
തുടക്കത്തില്‍ ഇത്തരം സീനുകളില്‍ അഭിനയിച്ചില്ലെങ്കില്‍ നിങ്ങള്‍ ഒരിടത്തും എത്താന്‍ പോകുന്നില്ല. കരാറില്‍ ഒപ്പിട്ടിട്ട് അഭിനയിക്കാന്‍ വിസമ്മതിച്ചാല്‍ ഇനി ഒരു സിനിമയിലും വേഷം കിട്ടും എന്ന് പ്രതീക്ഷിക്കണ്ട എന്നുമാണ് ഭീഷണി. ഈ മാതൃകയില്‍ ഒപ്പിടുവിച്ച ഒരു കരാറിന്റെ പകര്‍പ്പ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ പുറത്തുവിട്ടിട്ടുണ്ട്.
പേരില്ലാത്ത വെബ് സീരീസ് തട്ടിപ്പ്
വിവിധ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ പ്രദര്ശിപ്പിക്കുന്നതിനെന്ന പേരിലാണ് വെബ് സീരീസിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് കരാറില്‍ ഒപ്പിടീപ്പിക്കുന്നത്. എന്നാല്‍ വെബ് സീരീസിന്റെ പേരോ കരാര്‍ നല്കുന്ന കമ്പനിയുടെ പേരോ കണ്‍സെന്റ് ലെറ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ദൃശ്യങ്ങള്‍ വിവിധ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും വെബ്സൈറ്റുകളിലും പ്രദര്‍ശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കരാറില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.
ഹോട്ട് ഷോട്സിന് 20 ലക്ഷം പേയ്ഡ് ഉപഭോക്താക്കള്‍
ഹോട്ട് ഷോട്സ് എന്ന ആപ് വഴിയാണ് രാജ് കുന്ദ്ര തന്റെ പ്രൊഡക്ഷന്‍ ഹൗസ് വഴി നിര്‍മിച്ച അശ്ലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. പണം നല്കി ഈ ആപ്പ് ഉപയോഗിച്ചിരുന്നത് 20 ലക്ഷത്തിന് മുകളില്‍ ആളുകളാണെന്നും അന്വേഷണസംഘം കണ്ടെത്തി. വെബ്സൈറ്റുകളെക്കാള്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് അശ്ലീല ചിത്രങ്ങള്‍ കാണുന്നതിനായി ഹോട്ട് ഷോട്സ് നിര്‍മ്മിച്ചിരുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് ഇത്തരത്തില്‍ നൂറിലധികം അശ്ലീല ദൃശ്യങ്ങളാണ് നിര്‍മിച്ച ശേഷം ആപ്പ് വഴി പ്രദര്‍ശിപ്പിച്ചിരുന്നത്.
ലോകത്തെ ആദ്യത്തെ 18+ ആപ്ലിക്കേഷനായിരുന്നു ഹോട് ഷോര്‍ട്സ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. വിവിധ താരങ്ങളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടുന്നതായിരുന്നു ആപ്ലിക്കേഷന്‍. സബ്സ്ക്രിപ്ഷനോടെ ആളുകള്‍ക്ക് കാണാന്‍ പറ്റുന്ന രീതിയിലായിരുന്നു ഇത്.
രാജ് കുന്ദ്രയ്ക്കെതിരെ നിരവധി തെളിവുകള്‍
നീലച്ചിത്രങ്ങള്‍ നിര്‍മിച്ച കേസില്‍ രാജ് കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകളുണ്ട്. എന്നാല ഒന്നും കുന്ദ്ര സമ്മതിക്കുന്നില്ല. ചോദ്യം ചെയ്യുമ്പോള്‍ നിസഹകരണ മനോഭാവമാണ്. കുന്ദ്രയ്ക്കൊപ്പം അറസ്റ്റിലായ റയാന് തോര്‍പ്പിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. വഞ്ചനക്കുറ്റത്തിനും, ഐടി ആക്ട് പ്രകാരം സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Content Highlights: Raj Kundra made over 100 blue film content over last 18 months
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..