മുംബൈ: നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്ര, തന്റെ വരുമാനം ഉപയോഗിച്ചിരുന്നത് ഓണ്‍ലൈന്‍ വാതുവെപ്പിനെന്ന് പോലീസ്. നീലച്ചിത്ര നിർമ്മാണത്തിലൂടെ ലഭിച്ച കോടികളാണ് രാജ് കുന്ദ്ര ഓൺലൈൻ വാതുവെപ്പിനായി ഉപയോഗിച്ചിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

നിലവില്‍ 121 നീലച്ചിത്രങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട ചർച്ചകളിലായിരുന്നു രാജ് കുന്ദ്രയെന്നും പോലീസ് പറയുന്നു. 1.2 മില്യൺ യു.എസ്. ഡോളറിന്റെ അന്താരാഷ്ട്ര ഇടപാടായിരുന്നു ഇതെന്നാണ് റിപ്പോർട്ട്.

രാജ് കുന്ദ്ര ഉപയോഗിച്ചിരുന്ന യൂണിയൻ ബാങ്ക് ഓഫ് ആഫ്രിക്ക, യെസ് ബാങ്ക് അക്കൌണ്ടുകള്‍ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ഈ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഓൺലൈൻ വാതുവെപ്പ് നടത്തിയിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 

അതേസമയം, കേസുമായി ബന്ധപ്പെട്ട് നടി ശിൽപ്പാ ഷെട്ടിയെയും അന്വേഷണ സംഘം ചോദ്യംചെയ്തു. ഇവർക്ക് രാജ് കുന്ദ്രയുടെ നീലച്ചിത്ര നിർമ്മാണവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. ഇക്കാര്യം ഇവർക്ക് അറിയാമായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ശിൽപ്പാ ഷെട്ടിയുടെ പണമിടപാടുകള്‍ സംബന്ധിച്ചും പരിശോധിക്കുന്നുണ്ട്.

Content Highlights: Raj Kundra case: Revenue from video Used for Online Betting