മുംബൈ: ലോകത്ത് കോവിഡ് പടർന്നു പിടിച്ചപ്പോൾ ജനങ്ങളൊക്കെ വീടുകളിലേക്ക് ഒതുക്കപ്പെട്ടു. ഈ സാഹചര്യത്തിൽ നേരമ്പോക്കിനായി പലരും ചെറുവീഡിയോകളെയായിരുന്നു ആശ്രയിച്ചിരുന്നത്. യൂട്യൂബിന്റെയും ഇൻസ്റ്റഗ്രാം റീൽസിന്റെയും ഉപയോഗങ്ങൾ കുത്തനെ ഉയർന്നതും ഈ കാലത്താണ്. 20.5 ശതമാനം വളർച്ചയാണ് ലോക്ക് ഡൗണിൽ മാത്രം യൂട്യൂബിന്റെ വളർച്ച. മാത്രമല്ല ഒ.ടി.ടി. പ്ലാറ്റ് ഫോമുകളുടെയും ഉയർച്ചയുടെ കാലമായിരുന്നു ലോക്ക് ഡൗൺ. ഈ സാഹചര്യങ്ങളും സാധ്യതകളും മുന്നിൽ കണ്ടുകൊണ്ടാവണം പലരേയും നീലച്ചിത്ര നിർമ്മാണത്തിന് പ്രേരിപ്പിച്ചതും. ഏറ്റവും കൂടുതൽ കോണ്ടം വിൽപ്പന കണക്കുകളൊക്കെ പുറത്ത് വന്നതും ലോക്ക് ഡൗണിൽ തന്നെയാണ് എന്നതും ചേർത്ത് വായിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും ബോളിവുഡ് താരം ശിൽപ്പാ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ അറസ്റ്റോട് കൂടിയാണ് ബോളിവുഡിൽ വീണ്ടുമൊരു വിവാദം കൂടി കത്തിപ്പടർന്നത്. നീലച്ചിത്ര നിർമ്മാണത്തിലൂടെ രാജ് കുന്ദ്ര കോടികൾ സമ്പാദിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നടി ശിൽപ്പാഷെട്ടിയേയും ചോദ്യം ചെയ്യണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും ഇത്തരം ഇടപാടുമായി താരത്തിന് നേരിട്ട് ബന്ധമില്ലെന്നാണ് പോലീസിന്റെ നിഗമനം. 

Raj kundra
രാജ് കുന്ദ്ര | Photo: PTI

'ഹോട്ഷോട്സ്'; നീലച്ചിത്രങ്ങൾക്കായൊരു ആപ്ലിക്കേഷൻ

നീലച്ചിത്ര നിർമ്മാണത്തിലൂടെ കോടികളാണ് രാജ് കുന്ദ്ര സമ്പാദിച്ചത്. ഇതിനായി അദ്ദേഹം 'ഹോട്ഷോട്സ്' എന്ന ഒരു ഒ.ടി.ടി പ്ലാറ്റ് ഫോം തന്നെ ആരംഭിക്കുകയും ചെയ്തു. ലോകത്തെ ആദ്യത്തെ 18+ ആപ്ലിക്കേഷനായിരുന്നു ഹോട് ഷോർട്സ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. വിവിധ താരങ്ങളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുന്നതായിരുന്നു ആപ്ലിക്കേഷൻ. സബ്സ്ക്രിപ്ഷനോടെ ആളുകൾക്ക് കാണാൻ പറ്റുന്ന രീതിയിലായിരുന്നു ഇത്.

ബിഗ് സ്ക്രീനുകൾക്ക് ലോക്ക് വീണതോടെ ആളുകൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്ക് തിരിയുകയായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് രാജ് കുന്ദ്രയും നീലച്ചിത്രത്തിനായൊരു ഒ.ടി.ടി. പ്ലാറ്റ് ഫോം തുടങ്ങുന്നതും. സമൂഹ മാധ്യമങ്ങളിൽ കൂടിയുള്ള പരസ്യങ്ങളിലൂടെ നിരവധി പേരാണ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത്. സബ്സ്ക്രിപ്ഷനിലൂടെ വരുമാനം കുത്തനെ വർധിക്കുകയും ചെയ്തു. ഒരു ദിവസം 8 ലക്ഷം വരെ വരുമാനം ഇതിലൂടെ രാജ് കുന്ദ്ര സമ്പാദിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ പെട്ടെന്നുണ്ടായ വളർച്ചയിൽ ആപ്ലിക്കേഷനെതിരെ അന്വേഷണമെത്തുമെന്നുറപ്പായപ്പോൾ ഉടമസ്ഥാവകാശം ലണ്ടനിലുള്ള തന്റെ സഹോദരി ഭർത്താവ് പ്രതീപ് ബക്ഷിയുടെ 'കെൻറീൻ' എന്ന സ്ഥാപനത്തിലേക്ക് മാറ്റുകയായിരുന്നു. ഉള്ളടക്കത്തിന്റെ പശ്ചാത്തലത്തിൽ പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും ഈ ആപ്ലിക്കേഷൻ തള്ളിയതാണ്.

കോടികൾ മരവിപ്പിച്ച് മുംബൈ പോലിസ്

നീലച്ചിത്ര നിർമ്മാണത്തിലൂടെ രാജ് കുന്ദ്ര സമ്പാദിച്ചുവെന്ന് കരുതപ്പെടുന്ന കോടിക്കണക്കിന് രൂപ വിവിധ ബാങ്കുകളിൽ കിടക്കുന്നതായാണ് പോലീസ് പറയുന്നത്. ഇതുവരെ 7.31 കോടി രൂപ മുംബൈ പോലീസ് മരവിപ്പിച്ചു കഴിഞ്ഞു. വിവിധ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലായിക്കിടന്ന പണമാണ് പോലീസ് മരവിപ്പിച്ചത്. നിരവധി പേരിലേക്കാണ് അന്വേഷണം നീങ്ങുന്നത്.

കുടുങ്ങുന്നത് അവസരം ചോദിച്ചെത്തുന്ന സ്ത്രീകൾ

സിനിമയിൽ ഒരവസരം ലഭിക്കുക എന്ന ആഗ്രഹവുമായി നടക്കുന്നവരാണ് പലരും. ഇത്തരത്തിൽ സിനിമാ മോഹികളായിട്ടുള്ള സ്ത്രീകളാണ് ഇവരുടെ കെണിയിലകപ്പെട്ടിരുന്നത്. ഓഡീഷൻ എന്ന് പറഞ്ഞ് ആദ്യം വിളിക്കുകയും ഷൂട്ട് ചെയ്യുകയായിരുന്നു പതിവ്. പിന്നീട് വെബ് സീരിസാണെന്ന് പറഞ്ഞ് നഗ്ന ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുകയായിരുന്നു. ഇതിനെ എതിർക്കുന്ന സത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതിയിൽ പറയുന്നു. 

'മഡ് ഐലൻഡ്'- മുംബൈയിലെ ചിത്രീകരണ ഹബ്

മുംബൈയിലെ മഡ് ഐലൻഡിൽ വെച്ചാണ് ചിത്രീകരണങ്ങൾ നടന്നിരുന്നത്. ലോക്ക് ഡൗണിലും പല സിനിമാ, വെബ് സീരിസുകളുടെ ചിത്രീകരണ ഹബായി മാറിയ ഇടങ്ങളിൽ ഒന്നാണ് മുംബൈയിലെ മഡ് ഐലൻഡ്. ഇവിടം കേന്ദ്രീകരിച്ചായിരുന്നു നീലച്ചിത്രം നിർമ്മാണവും നടന്നിരുന്നത്. അഞ്ചോ ആറോ അടങ്ങുന്ന ടീമുകളായി എത്തിയായിരുന്നു ചിത്രീകരണമെന്നാണ് പോലീസ് പറയുന്നത്. ഇവിടെ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ വി ട്രാൻസ്ഫറിൽ കൂടി ലണ്ടനിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. അവിടെന്നായിരുന്നു ചിത്രങ്ങൾ ഒ.ടി.ടി. പ്ലാറ്റ് ഫോമിലേക്ക് അപ്ലോഡ് ചെയ്തിരുന്നത്. 

Raj kundra shilpa shetty
രാജ് കുന്ദ്രയും ശിൽപ്പാ ഷെട്ടിയും: Photo: PTI


ഐ.പിഎൽ വാതുവെപ്പ് കേസിലെ വിവാദ പുരുഷൻ

നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ വിവാദത്തിലായിരുന്നു രാജ് കുന്ദ്ര. ക്രിക്കറ്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങൾ സൃഷ്ടിച്ച ഐ.പി.എൽ വാതുവെപ്പ് കേസിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട പേരുകളിൽ ഒന്നായിരുന്നു രാജ് കുന്ദ്ര. രാജസ്ഥാൻ റോയൽസ് ഉടമയായ രാജ് കുന്ദ്രയ്ക്ക് അന്ന് വാതുവെപ്പുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ ബി.ബി. മിശ്ര വ്യക്തമാക്കിയത്.

വാതുവെപ്പ് സംഭവവുമായി ബന്ധപ്പെട്ട് മലയാളി താരം ശ്രീശാന്ത് അടക്കം നിരവധി താരങ്ങളാണ് കുറ്റാരോപിതരായത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംങ്സ് ടീമുകളെ ഐ.പി.എല്ലിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

വിവാദങ്ങളൊടുങ്ങാതെ ബോളിവുഡ്

കഴിഞ്ഞ കുറേ കാലങ്ങളായി വിവാദങ്ങളിലൂടെയാണ് ബോളിവുഡ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അധോലോകമെന്നാണ് ബോളിവുഡിനെ പലരും വിശേഷിപ്പിക്കുന്നത് തന്നെ. നടൻ സുഷാന്ത് രാജ്പുതിന്റെ മരണത്തോടെ ഉയർന്ന വന്ന മയക്കുമരുന്ന് കേസുകളായിരുന്നു ബോളിഡിലെ കഴിഞ്ഞ കുറേ കാലത്തെ ചർച്ചകൾ. ഇൻഡസ്ട്രിയിലെ പല പ്രമുഖരിലേക്കും അന്വേഷണങ്ങളെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നീലച്ചിത്ര വിവാദവും ബോളിവുഡിൽ നിന്ന് ഉയർന്നിരിക്കുന്നത്. 

Content highlights: raj kundra case: all you need to know about shilpa shettys husband