രാഹുൽ ഗാന്ധി റെയിൻകോട്ട് ധരിച്ച് ഭാരത് ജോഡോ യാത്രയിൽ | Photo : Twitter / @bharatjodo
ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്ന് ജമ്മുവിലേക്ക് പ്രവേശിച്ചതോടെ ഭാരത് ജോഡോ യാത്ര അന്തിമഘട്ടത്തിലേക്ക് കടന്നു. തണുപ്പിനെ പ്രതിരോധിക്കാനുള്ള പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കാതെയുള്ള രാഹുലിന്റെ യാത്രയെ ഒരുവിഭാഗം പുകഴ്ത്തുമ്പോള്‍ മറ്റൊരുവിഭാഗം വിമർശിക്കുന്നുമുണ്ട്. ഇതിനിടെ രാഹുല്‍ ധരിച്ച കോട്ടിനേക്കുറിച്ച് വിമർശനം ഉയർന്നതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.
ഇതൊരു റെയിന്‍കോട്ട് ആണ്, അല്ലാതെ ജാക്കറ്റല്ല!
മഴ മാറി, റെയിന്‍കോട്ടും പോയി... എന്ന അടിക്കുറിപ്പോടെ രാഹുല്‍ കോട്ട് ധരിച്ച് നടക്കുന്നതിന്റേയും പിന്നീട് കോട്ട് അഴിച്ചുമാറ്റുന്നതിന്റേയും ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ കോണ്‍ഗ്രസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ജമ്മുവിന്റെ വിവിധഭാഗങ്ങളില്‍ രാവിലെ മുതല്‍ ചാറ്റല്‍മഴ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
ഉത്തരേന്ത്യയില്‍ അലയടിക്കുന്ന അതിശൈത്യത്തിലും തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളൊന്നും ധരിക്കാതെ ടി-ഷര്‍ട്ട് മാത്രം ധരിച്ച് പദയാത്രയ്ക്ക് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പല കോണുകളില്‍നിന്നും അനുമോദനങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ചൂട് പകരുന്ന വസ്ത്രം ധരിച്ചാണ് രാഹുല്‍ യാത്രയില്‍ പങ്കെടുക്കുന്നതെന്ന് ബിജെപി നേതാക്കളില്‍നിന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളില്ലാത്തതിനാല്‍ അവ ധരിക്കാതെ രണ്ട് കുട്ടികള്‍ പദയാത്രയില്‍ പങ്കെടുത്തത് ശ്രദ്ധയില്‍പ്പെട്ടെന്നും അതിശൈത്യം അസഹനീയമാകുന്നുണ്ടെങ്കില് മാത്രമേ താന്‍ ജാക്കറ്റോ സ്വെറ്ററോ ധരിക്കുകയുള്ളുവെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച ജമ്മുവിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ജാക്കറ്റ് ധരിച്ച് നടക്കുന്ന ദൃശ്യം പ്രചരിച്ചതോടെ രാഹുലിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ചൂടേറി. തുടർന്നായിരുന്നു രാഹുല്‍ ധരിച്ചിരുന്നത് റെയിന്‍കോട്ട് ആണെന്നും ജാക്കറ്റല്ലെന്നുമുള്ള വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി 30-ന് അവസാനിക്കും. 125 ദിവസമായി നീളുന്ന യാത്ര ഇതിനോടകം 3,400 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചുകഴിഞ്ഞു. ജമ്മുകശ്മീരില്‍ പ്രവേശിച്ചതോടെ രാഹുല്‍ ഗാന്ധിയ്ക്ക് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ജമ്മുവില്‍ വന്‍ വരവേല്പാണ് യാത്രയ്ക്ക് ലഭിക്കുന്നത്.
Content Highlights: Raincoat not jacket, Congress, Rahul Gandhi, Bharat Jodo Yatra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..