ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ഒരിക്കലും സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. ഇന്ത്യന്‍ റെയില്‍വേ എക്കാലവും കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റെയില്‍വേ സ്വകാര്യവത്കരിക്കാന്‍ നീക്കം നടക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 

'റെയില്‍വേ സ്വകാര്യവത്കരിക്കുന്നുവെന്ന് കേന്ദ്രത്തിനെതിരെ ആരോപണമുണ്ട്. എന്നാല്‍ റെയില്‍വേ സേവനങ്ങള്‍ മെച്ചപ്പെടുമെന്നതിനാല്‍ റെയില്‍വേയിലേക്ക് സ്വകാര്യ നിക്ഷേപം സ്വാഗതം ചെയ്യേണ്ടതുണ്ട്. സ്വകാര്യവാഹനങ്ങളും സര്‍ക്കാര്‍ വാഹനങ്ങളും സമ്പദ്ഘടനയെ സഹായിക്കുന്നുണ്ട്. പൊതുനിരത്തില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രമേ സഞ്ചരിക്കാവൂ എന്ന് പറയാന്‍ സാധിക്കില്ല.' 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടില്‍ റെയില്‍വേ അടിസ്ഥാനസൗകര്യം വികസിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലകളിലേക്കും വികസനം കൈമാറപ്പെട്ടു. ഇന്ത്യന്‍ റെയില്‍വേയെ വികസനത്തിന്റെ എഞ്ചിനായി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേ വികസനത്തിനായി ഈ വര്‍ഷം രണ്ട് ലക്ഷം കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Railways will never be privatised, it will always remain with govt of India: Piyush Goyal