മുംബൈ: കുതിച്ചെത്തുന്ന തീവണ്ടിക്കുമുന്നിലേക്ക് കാല്‍തെറ്റിവീണ കുഞ്ഞിനെ അത്ഭുതകരമായി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ റെയില്‍വേ ജീവനക്കാരന് അഭിനന്ദനപ്രവാഹം. മധ്യറെയില്‍വേയില്‍ പോയന്റ്സ്മാനായി ജോലിചെയ്യുന്ന മയൂര്‍ ഷെല്‍ക്കേയാണ് സ്വന്തം ജീവന്‍ പണയംവെച്ച് തീവണ്ടിക്കുമുന്നിലേക്ക് ഓടിയെത്തി കുട്ടിയെ രക്ഷിച്ചത്.

മുംബൈ സബര്‍ബന്‍ റെയില്‍വേയില്‍ കര്‍ജത്ത് പാതയിലുള്ള വാംഗണി റെയില്‍വേസ്റ്റേഷനില്‍ ശനിയാഴ്ചയാണ് സംഭവം. കണ്ണുകാണാനാകാത്ത അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുകയായിരുന്ന ആണ്‍കുട്ടിയാണ് കാല്‍തെറ്റി പാളത്തിലേക്ക് വീണത്. അപ്പോഴേക്കും ഒരു എക്‌സ്പ്രസ് തീവണ്ടി തൊട്ടപ്പുറത്ത് എത്തിയിരുന്നു.

പ്ലാറ്റ്ഫോമിലുള്ളവര്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ഒരാള്‍ പാളത്തിലൂടെ ഓടിവന്ന് കുട്ടിയെ പ്ലാറ്റ്ഫോമിലേക്ക് കയറ്റി. പിന്നാലെ അയാളും കയറിയതും വണ്ടി കടന്നുപോയതും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്. തിങ്കളാഴ്ച ഇന്ത്യന്‍ റെയില്‍വേതന്നെയാണ് ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മയൂരിനെ ഓര്‍ത്ത് അഭിമാനിക്കുന്നൂ എന്ന് കേന്ദ്ര റെയില്‍വേമന്ത്രി പിയൂഷ് ഗോയല്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

 

Content Highlights:Railway official saves child from getting run over by train in Mumbai