മുംബൈ: കുതിച്ചെത്തുന്ന തീവണ്ടിക്കുമുന്നിലേക്ക് കാല്‍തെറ്റിവീണ കുഞ്ഞിനെ അത്ഭുതകരമായി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ റെയില്‍വേ ജീവനക്കാരന്‍ മയൂര്‍ ഷെല്‍ക്കേയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് റെയില്‍വേ. 50000 രൂപയാണ് റെയില്‍വേ പ്രഖ്യാപിച്ചത്.

മധ്യറെയില്‍വേയില്‍ പോയന്റ്സ്മാനായി ജോലിചെയ്യുന്ന മയൂര്‍ ഷെല്‍ക്കേയാണ് സ്വന്തം ജീവന്‍ പണയംവെച്ച്  ഓടിയെത്തി കുട്ടിയെ രക്ഷിച്ചത്. ഷെല്‍ക്കേയുടെ ധൈര്യത്തിന് അദ്ദേഹത്തിന് റെയില്‍വേ ബോര്‍ഡ് പ്രശസ്തി പത്രവും നല്‍കി.

മുംബൈ സബര്‍ബന്‍ റെയില്‍വേയില്‍ കര്‍ജത്ത് പാതയിലുള്ള വാംഗണി റെയില്‍വേസ്റ്റേഷനില്‍ ശനിയാഴ്ചയാണ് സംഭവം. കണ്ണുകാണാനാകാത്ത അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുകയായിരുന്ന ആണ്‍കുട്ടിയാണ് കാല്‍തെറ്റി പാളത്തിലേക്ക് വീണത്. അപ്പോഴേക്കും ഒരു എക്‌സ്പ്രസ് തീവണ്ടി തൊട്ടപ്പുറത്ത് എത്തിയിരുന്നു. പ്ലാറ്റ്ഫോമിലുള്ളവര്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ഒരാള്‍ പാളത്തിലൂടെ ഓടിവന്ന് കുട്ടിയെ പ്ലാറ്റ്ഫോമിലേക്ക് കയറ്റി. പിന്നാലെ അയാളും കയറിയതും വണ്ടി കടന്നുപോയതും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്. തിങ്കളാഴ്ച ഇന്ത്യന്‍ റെയില്‍വേതന്നെയാണ് ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 

''വളരെ വേഗത്തില്‍ വരുന്നൊരു എക്‌സ്പ്രസ് ട്രെയിനായിരുന്നതിനാല്‍ ആദ്യം കുറച്ച് ഭയമുണ്ടായിരുന്നു. പക്ഷേ, ചിന്തിച്ചുനില്‍ക്കാന്‍ സമയമില്ലായിരുന്നു. പാളത്തിലേക്കുവീണ കുട്ടിയെ രക്ഷിക്കണമെന്നുതന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ആ ദൗത്യം ഏറ്റെടുത്തത്'' -കുട്ടിയെ വീരോചിതമായി രക്ഷിച്ചതിനെത്തുടര്‍ന്ന് സാമൂഹികമാധ്യമങ്ങളില്‍ താരമായ മയൂര്‍ ഷെല്‍ക്കെ എന്ന മുപ്പതുകാരന്‍ പറയുന്നു. 

കുട്ടി ട്രാക്കിലേക്ക് വീണതോടെ താന്‍ ഭയന്നുപോയെന്ന് കാഴ്ചശക്തിയില്ലാത്ത മാതാവ് സംഗീത പറഞ്ഞു. ''ആ മനുഷ്യന്‍വന്ന് എന്റെ മകനെ രക്ഷിച്ചു. എന്റെ മകനുവേണ്ടി അദ്ദേഹം സ്വന്തം ജീവന്‍ അപകടത്തിലാക്കി. അദ്ദേഹം കാരണം മാത്രമാണ് ഇന്ന് എന്റെ മകന്‍ എനിക്കൊപ്പമുള്ളത്. എന്റെ ആറുവയസ്സുള്ള മകന്‍ എന്റെ ഏക പിന്തുണയാണ്. ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഞാന്‍ അദ്ദേഹത്തിന് നന്ദിപറയുന്നു'' -സംഗീത പറഞ്ഞു.

നാനാഭാഗത്തുനിന്നും മയൂര്‍ ഷെല്‍ക്കെയ്ക്ക് അഭിനന്ദനപ്രവാഹമാണ്. റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. ''മയൂര്‍ ചെയ്തത് പുരസ്‌കാരങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കുമൊക്കെ അപ്പുറമുള്ള കാര്യമാണ്, എന്നിരുന്നാലും അദ്ദേഹത്തിന് ഉയര്‍ന്ന ബഹുമതി നല്‍കുകയുംചെയ്യും. സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി ഒരു ജീവന്‍ രക്ഷിച്ച അദ്ദേഹം ഇന്ത്യന്‍ റെയില്‍വേയുടെ ഹൃദയം കവര്‍ന്നു. അദ്ദേഹത്തെ അഭിനന്ദിക്കാന്‍ വാക്കുകളില്ല'' - പീയൂഷ് ഗോയല്‍ പറഞ്ഞു. പുണെക്കടുത്താണ് മയൂര്‍ ഷെല്‍ക്കെയുടെ സ്വദേശം. 2016 മാര്‍ച്ചിലാണ് റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചത്. ബിരുദധാരിയായ മയൂര്‍, എട്ടുമാസത്തോളമായി വാംഗണി സ്റ്റേഷനിലാണ് ജോലിചെയ്യുന്നത്. ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെയുള്ള പ്രമുഖരും മയൂര്‍ ഷെല്‍ക്കെയെ അഭിനന്ദിച്ച് രംഗത്തെത്തി.