ഭുവനേശ്വര്‍: ഭുവനേശ്വറില്‍ നിന്ന് റായ്ഗഡായിലേക്കുള്ള തീവണ്ടിയിൽ യാത്രക്കാരെ അത്ഭുതപ്പെടുത്തി റെയിൽവേമന്ത്രിയുടെ സന്ദർശനം. വ്യാഴാഴ്ചയാണ് സംഭവം. റെയില്‍വേ സേവനങ്ങളെയും ശുചിത്വത്തെയും കുറിച്ച് അവരുടെ അഭിപ്രായം തേടാനാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തീവണ്ടി സന്ദർശിച്ചത്.

കഴിഞ്ഞ മാസം നടന്ന കേന്ദ്ര മന്ത്രിസഭാ വിപുലീകരണത്തിലാണ് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും കൂടിയായ അശ്വിനി വൈഷ്ണവ് റെയില്‍വേ മന്ത്രിയായി ക്യാബിനറ്റിലെത്തുന്നത്. ഇപ്പോള്‍ ബി.ജെ.പിയുടെ ജന്‍ ആശിര്‍വാദ് യാത്രയുടെ ഭാഗമായി നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് മന്ത്രി ഒഡീഷയില്‍ എത്തിയിരിക്കുന്നത്.  ഭുവനേശ്വറില്‍ നിന്ന് റായ്ഗഡായിലേക്ക് രാത്രി വൈകിയോടുന്ന തീവണ്ടിയിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. 

സമൂഹമാധ്യമത്തിൽ പങ്കുവെച്ച ദൃശ്യത്തില്‍, മന്ത്രി യാത്രക്കാരനോട് ഒഡിയയില്‍ സംസാരിക്കുന്നത് കാണാം. എവിടെയാണ് ജോലിയെന്നും ട്രെയിന്‍ വൃത്തിയുള്ളതാണോയെന്നും മന്ത്രി യാത്രക്കാരനോട് ചോദിക്കുന്നത് കാണാം. മുന്നോട്ട് പോകുന്നതിനുമുമ്പ് മന്ത്രി യാത്രക്കാരന്റെ തോളില്‍ തട്ടുന്നുമുണ്ട്.

മറ്റൊരു ദൃശ്യത്തില്‍, അദ്ദേഹം കൂടുതല്‍ യാത്രക്കാരുമായി സംസാരിക്കുന്നത് കാണാം. 'പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ഒഡീഷയ്ക്ക് ഒരു റെയില്‍വേ മന്ത്രിയെ നല്‍കി' എന്ന് അദ്ദേഹം യാത്രക്കാരോട് പറയുന്നത് കേള്‍ക്കാം. 

Content highlights: Railway Minister Seeks Feedback On Train in odisha