ന്യൂഡല്‍ഹി: കേന്ദ്ര റയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ യാത്രകള്‍ക്കായി പൊതുപണം ധൂര്‍ത്തടിക്കുന്നതായി രേഖകള്‍. റയില്‍വേ മന്ത്രിയായി ചുമതലയേറ്റ ശേഷം ചട്ടങ്ങള്‍ മറികടന്ന് വിമാനയാത്രക്കായി പീയുഷ് ഗോയല്‍ ചിലവഴിച്ചത് കോടികള്‍. കുടുംബവുമൊത്തുള്ള യാത്രകള്‍ക്കുപോലും പൊതുപണം ഉപയോഗിച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു.
ചെലവ് ചുരുക്കലിന്റെ ഭാഗമായി എല്ലാ കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും എയര്‍ ഇന്ത്യയില്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ റയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഈ നിര്‍ദ്ദേശം പാലിക്കുന്നേയില്ല എന്നാണ് പുറത്തുവന്ന രേഖകളിലൂടെ വ്യക്തമാകുന്നത്.
ട്രെയിന്‍ അപകടങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മാത്രമേ റയില്‍വേ മന്ത്രി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉപയോഗിക്കാവൂ എന്നാണ് ചട്ടം. ചാര്‍ട്ടേഡ് വിമാനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ ഐ.ആര്‍.സി.റ്റി.സിയെ ചുമതലപ്പെടുത്തിക്കൊണ്ടാണ് പീയുഷ് ഗോയല്‍ ഈ ചട്ടം മറികടന്നത്. മാത്രമല്ല, പീയുഷ് ഗോയലിന്റെ ഓരോ വിമാന യാത്രയ്ക്കും സാധാരണ ബിസിനസ് ക്ലാസ് യാത്രയേക്കാള്‍ 20 ഇരട്ടിയോളം ചെലവ് വരുന്നതായും റയില്‍വേ രേഖകള്‍ വ്യക്തമാക്കുന്നു.
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ അല്ലാതെയുള്ള യാത്രകള്‍ക്കായി സീറ്റ് ഉറപ്പിക്കാന്‍ മൂന്നോ നാലോ ബിസിനസ് ക്ലാസ് ടിക്കറ്റെടുത്തും റെയില്‍വേ പണം ധൂര്‍ത്തടിച്ചിട്ടുണ്ട്. റയില്‍വേ മന്ത്രിയായി ഒരു വര്‍ഷം തികയും മുന്‍പ് പീയുഷ് ഗോയല്‍ ഇത്തരത്തില്‍ 1023 തവണ വിമാന യാത്ര നടത്തിയിട്ടുണ്ട്.
ഗോയലിനേക്കൂടാതെ റയില്‍വേ സഹമന്ത്രിമാരായ രാജന്‍ ഗൊഹൈന്‍, മനോജ് സിന്‍ഹ എന്നിവരും വിമാന യാത്രകള്‍ക്കായി പൊതുപണം ധൂര്‍ത്തടിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു.