ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികളുമായി റെയില്‍വേ. മാസ്‌ക് ധരിക്കാതെയുള്ള യാത്ര റെയില്‍വേ ആക്റ്റ് പ്രകാരം കുറ്റകരമാക്കി. ഇത് പ്രകാരം ട്രെയിനുകളിലും സ്റ്റേഷനുകളിലും മാസ്‌ക് ധരിക്കാത്തവര്‍ക്ക് റെയില്‍വേ 500 രൂപ പിഴ ചുമത്തും.

മാസ്‌കുകളുടെ നിര്‍ബന്ധിത ഉപയോഗവും പിഴയും ഇന്ത്യന്‍ റെയില്‍വേ ചട്ടം 2012 പ്രകാരം പട്ടികപ്പെടുത്തും. റെയില്‍വേ പരിസരത്ത് തുപ്പുന്നവര്‍ക്കും പിഴ ചുമത്തും. സ്റ്റേഷനിലും ട്രെയിനിലും തുപ്പുന്നവര്‍ക്കും 500 രൂപ പിഴ ചുമത്തും.

കോവിഡ് വ്യാപനം തടയുന്നതിനായി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വിവിധ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റെയില്‍വേ സ്വീകരിച്ച ഏറ്റവും പുതിയ നടപടിയാണിത്. അടിയന്തര പ്രാബല്യത്തോടെ ഉത്തരവ് നടപ്പാക്കുമെന്നും കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിക്കുന്നതുവരെ ആറ് മാസത്തേക്ക് പിഴ ചുമത്തുമെന്നും ഉത്തരവില്‍ പറയുന്നു. 

Content Highlights: Rail Passengers Can Be Fined Up To ₹ 500 For Not Wearing Masks, Spitting