Screengrab: Youtube.com/USAToday
ചെന്നൈ: ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്ന് ഉപയോഗിച്ചതുമൂലം യു.എസില്‍ ചിലർക്ക് കാഴ്ച നഷ്ടമായെന്ന റിപ്പോര്‍ട്ടിന് പിന്നാലെ മരുന്ന് കമ്പനിയില്‍ റെയ്ഡ്. ചെന്നൈയിലെ 'ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍' എന്ന മരുന്നുനിര്‍മാണ കമ്പനിയിലാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോളറും വെള്ളിയാഴ്ച അര്‍ധരാത്രി പരിശോധന നടത്തിയത്. മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശോധനയില്‍ തുള്ളിമരുന്നിന്റെ സാമ്പിളുകളടക്കം ശേഖരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഗ്ലോബല്‍ ഫാര്‍മയുടെ 'എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്‌സ്' ഉപയോഗിച്ചത് കാരണം ഒരുമരണം ഉള്‍പ്പെടെ സംഭവിച്ചതായാണ് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അവകാശവാദം. കണ്ണിലെ അണുബാധ, കാഴ്ച നഷ്ടപ്പെടല്‍ എന്നിവയടക്കം 55-ഓളം അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും യു.എസ്. അധികൃതര്‍ അവകാശപ്പെട്ടിരുന്നു. തുള്ളിമരുന്നില്‍ അണുബാധയുണ്ടാകാനാണ് സാധ്യതയെന്നും ഇത് ഉപയോഗിച്ചാല്‍ കണ്ണില്‍ അണുബാധയ്ക്കും കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും യു.എസ് അധികൃതരുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കണ്ണുകളിലെ വരള്‍ച്ച, അസ്വസ്ഥത തുടങ്ങിയവയില്‍നിന്നുള്ള സംരക്ഷണത്തിനായാണ് ആര്‍ട്ടിഫിഷല്‍ ടിയേഴ്‌സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്‌സ് ഉപയോഗിക്കുന്നത്.
യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് വിവാദമായ തുള്ളിമരുന്ന് ഗ്ലോബല്‍ ഫാര്‍മ അമേരിക്കന്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചത്. മരുന്ന് ഉപയോഗിക്കരുതെന്നും നിര്‍ദേശം നല്‍കി. സംഭവത്തില്‍ യു.എസ്. അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്നും മരുന്ന് ഉപയോഗിച്ച ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും കമ്പനി അറിയിച്ചു. ഇതിനുപിന്നാലെയാണ് ചെന്നൈയിലെ ഗ്ലോബല്‍ ഫാര്‍മയില്‍ റെയ്ഡ് നടത്തിയത്.
വെള്ളിയാഴ്ച രാത്രി നടന്ന പരിശോധനയില്‍ യു.എസിലേക്ക് അയച്ച തുള്ളിമരുന്നുകളുടെ സാമ്പിളുകള്‍ കമ്പനിയില്‍നിന്ന് ശേഖരിച്ചതായി തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോളര്‍ ഡോ. പി.വി.വിജയലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. മരുന്ന് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. യു.എസില്‍നിന്നുള്ള സാമ്പിളുകള്‍ക്കായി കാത്തിരിക്കുകയാണെന്നും സംഭവത്തില്‍ സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡ്രഗ് കണ്‍ട്രോളര്‍ വ്യക്തമാക്കി.
Content Highlights: raid in chennai global pharma after report artificial tears eye drops causing to vision loss
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..