ന്യൂഡല്‍ഹി: ചികിത്സയ്ക്കായി വിദേശത്തേക്ക് പോയ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്നേഹ സന്ദേശം. ജെയ്റ്റ്‌ലിക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്ന രാഹുല്‍ അദ്ദേഹം എത്രയുംവേഗം രോഗമുക്തനായി തിരിച്ചെത്തട്ടെയെന്നും ആശംസിച്ചു.

'ജെയ്റ്റ്‌ലിക്ക് അസുഖമാണെന്ന വാര്‍ത്ത വളരെ അസ്വസ്ഥനാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളെ ചൊല്ലി എന്നും തര്‍ക്കിക്കാറുണ്ട്. എന്നാല്‍, അദ്ദേഹം എത്രയും പെട്ടെന്ന് രോഗമുക്തനാവട്ടെ എന്ന് ഞാനും കോണ്‍ഗ്രസ് പാര്‍ട്ടിയും ആശംസിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങള്‍ പൂര്‍ണമായും താങ്കളോടൊപ്പമുണ്ട്'-രാഹുല്‍ ട്വീറ്റ് ചെയ്തു.

ഞായറാഴ്ചയാണ് വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയ്ക്കായി ജെയ്റ്റ്‌ലി അമേരിക്കയിലേക്ക് പോയത്. നേരത്തെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് അദ്ദേഹം വിധേയനായിരുന്നു.

റഫാല്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ രാഹുലും ജെയ്റ്റ്‌ലിയും തമ്മില്‍ കടുത്ത സംവാദങ്ങള്‍ നടന്നിരുന്നു. പലപ്പോഴും ഈ തര്‍ക്കങ്ങള്‍ വ്യക്തിപരമായ ആരോപണങ്ങളിലേക്കും നീണ്ടിരുന്നു.

content highlights: Rahul Gandhi Sends Love to Ailing Finance Minister Arun Jaitley