Rahul Gandhi
ന്യൂഡല്‍ഹി: വയനാട്ടിലെ എം.പി. ഓഫീസ് തകര്‍ത്തതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെ ഉദയ്പുരിലെ കൊലപാതകവുമായി ബന്ധപ്പെടുത്തി തെറ്റിദ്ധരിപ്പിക്കുന്നവിധത്തില്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ സ്വകാര്യ വാര്‍ത്താചാനലിനും ബി.ജെ.പി. നേതാക്കളുടെയുംപേരില് കേസ്. കോണ്‍ഗ്രസിന്റെ പരാതിയില്‍ ജയ്പുരില്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തതായി പാര്‍ട്ടി മാധ്യമവിഭാഗം മേധാവി പവന്‍ഖേര പറഞ്ഞു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി കടുപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
കോണ്‍ഗ്രസിന്റെ മാന്യതയെ വിലങ്ങായി കരുതിയവര്‍ക്ക് തെറ്റി. അത് ഞങ്ങളുടെ ആഭരണമാണ്. എപ്പോള്‍ വേണമെങ്കിലും എടുത്തുമാറ്റാം. നിയമനടപടിയുമുണ്ടാകും. രാഷ്ട്രധര്മത്തെയും ഭരണഘടനാപ്രതിബദ്ധതയെക്കുറിച്ചും ബി.ജെ.പി.യെ കോണ്‍ഗ്രസ് ഓര്‍മിപ്പിക്കുമെന്നും പവന്‍ഖേര പറഞ്ഞു.
വയനാട്ടിലെ ഓഫീസ് തകര്‍ത്തത് കുട്ടികളാണെന്നും അവരോട് ദേഷ്യമില്ലെന്നുമുള്ള രാഹുലിന്റെ പ്രസ്താവനയെ ഉദയ്പുരിലെ തയ്യല്‍ക്കാരനെ തലയറത്ത് കൊന്നവരെക്കുറിച്ചു പറഞ്ഞതാണെന്ന പേരിലാണ് വ്യാജപ്രചാരണം. പ്രതിഷേധമുയര്‍ന്നതോടെ ആദ്യം ഈ വാര്‍ത്ത നല്കിയ സീ ന്യൂസ് ചാനല്‍ വീഡിയോ പിന്‍വലിക്കുകയും മാപ്പുപറയുകയും ചെയ്തു.
എന്നാല്‍, ഈ വ്യാജവാര്‍ത്ത അതിനകംതന്നെ വ്യാപകമായി പ്രചരിച്ചെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മുന്‍കേന്ദ്രമന്ത്രിയും എം.പി.യുമായ രാജ്യവര്‍ധന്‍സിങ് റാഥോഡ് അടക്കമുള്ള ബി.ജെ.പി. നേതാക്കള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. വീഡിയോ പ്രചരിപ്പിച്ച ബി.ജെ.പി. നേതാക്കള്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്ക് ശനിയാഴ്ച കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് കത്തയിച്ചിരുന്നു. റാഥോഡിന്റെപേരിലും കേസെടുത്തിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..