ന്യൂഡല്‍ഹി: രാജ്യത്ത് യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനും മറ്റു രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ കയറ്റുമതി നിര്‍ത്തി വെക്കാനുമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കത്ത്. നിലവിലുള്ള വിധത്തിലാണ് വാക്‌സിന്‍ വിതരണം തുടരുന്നതെങ്കില്‍ രാജ്യത്തെ 75 ശതമാനം ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്ന് രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി. 

വാക്‌സിന്‍ കയറ്റുമതി അടിയന്തരമായി നിര്‍ത്തിവെക്കാനും യോഗ്യരായവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനും ആവശ്യമായ നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് രാഹുല്‍ കത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്തിനാവശ്യമുള്ള അളവ് വാക്‌സിന്‍ ഉത്പാദനത്തിനാവശ്യമായ വിഭവങ്ങള്‍ വിതരണക്കാര്‍ക്ക് ലഭ്യമാക്കണമെന്നും കൂടുതല്‍ കമ്പനികള്‍ക്ക് വാക്‌സിന്‍ ഉത്പാദനത്തിനുള്ള അനുമതി നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. 2021 ലെ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച പോലെ വാക്‌സിന്‍ നിര്‍മാണത്തിനായി വകയിരുത്തിയ 35,000 കോടി രൂപ ഇരട്ടിയാക്കണമെന്നും കത്തിലുണ്ട്. 

ലോകത്തിലെ ഏറ്റവും ബൃഹത്തായ വാക്‌സിന്‍ പദ്ധതികള്‍ തയ്യാറാക്കുന്നതിലും നടപ്പിലാക്കുന്നതിലും ഇന്ത്യയ്ക്ക് അളവറ്റ അനുഭവജ്ഞാനമുണ്ടെങ്കിലും കോവിഡ് വിഷയത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജനസംഖ്യയുടെ ഒരു ശതമാനത്തിന് മാത്രമാണ് രാജ്യത്ത് വാക്‌സിന്‍ വിതരണം നടന്നതെന്ന് രാഹുല്‍ കത്തില്‍ കുറ്റപ്പെടുത്തി. വാക്‌സിന്‍ കയറ്റുമതി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച 'നോട്ടപ്പിഴവാ'ണോയെന്ന് രാഹുല്‍ കത്തില്‍ ചോദ്യമുന്നയിച്ചു. ചെറിയ നിക്ഷേപങ്ങള്‍ക്ക് പലിശനിരക്ക് കുറച്ചു കൊണ്ട് ഉത്തരവിറക്കുകയും പിന്നീട് നോട്ടപ്പിശകാണെന്ന് ന്യായീകരിച്ച് പിന്‍വലിക്കുകയും ചെയ്ത ധനമന്ത്രിയുടെ പരാമര്‍ശത്തെ സൂചിപ്പിക്കുകയായിരുന്നു രാഹുല്‍.  

സംസ്ഥാനങ്ങള്‍ക്ക് അവര്‍ക്കാവശ്യമുള്ള അളവില്‍ വാക്‌സിന്‍ ലഭ്യമാക്കാനുള്ള അധികാരം അനുവദിക്കാത്തതിനെ കുറിച്ചും രാഹുല്‍ കത്തില്‍ പറഞ്ഞു. പൊതുജനാരോഗ്യം സംസ്ഥാനവിഷയമാണെന്നിരിക്കെ  സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷനുള്ള അനുമതി മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു. ഇന്ത്യയിലെ വാക്‌സിന്‍ പരിപാടിയുടെ അടിത്തറ പാകിയതും ഇന്ത്യയെ വാക്‌സിന്‍ ഹബ്ബാക്കി മാറ്റിയതും കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് സൂചിപ്പിച്ച രാഹുല്‍ ഒരു വ്യക്തിയുടെ ഫോട്ടോ പതിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് എല്ലാവര്‍ക്കും ലഭ്യമാക്കുന്ന തരത്തിലേക്ക് കോവിഡ് വാക്‌സിന്റെ വിതരണം ഉറപ്പു വരുത്തണമെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു. 

വാക്‌സിന്‍ ക്ഷാമത്തെ കുറിച്ചും മുംബൈയിലെ വാക്‌സിന്‍ വിതരണകേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം നിര്‍ത്തി വെച്ചതിനെ കുറിച്ചും വിവിധ സംസ്ഥാനങ്ങള്‍ പരാതിയുയര്‍ത്തിയതിന് പിന്നാലെയാണ് രാഹുല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. എന്നാല്‍ വാക്‌സിന്‍ ലഭ്യതക്കുറവ് ഭീതി പരത്താനുള്ള പ്രചാരണം മാത്രമാണെന്നും എല്ലാ സംസ്ഥാനങ്ങളിലും വിതരണത്തിനാവശ്യമായ വാക്‌സിന്‍ എത്തിച്ചിട്ടുണ്ടെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. 

 

Content Highlights: Rahul questions vaccine export, says Congress made India vaccine hub in his letter to PM